കോത്തല സൂര്യക്ഷേത്രത്തിന്റെയും, വൈദിക പഠനകേന്ദ്രത്തിന്റയും കാരണഭൂതനായ ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ. കൊല്ല വർഷം 1075 തുലാമാസത്തിൽ (1899 ) അശ്വതി നക്ഷത്രത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല കളവങ്കോടം ക്ഷേത്രത്തിന് സമീപത്തുള്ള കായിപ്പള്ളി വീട്ടിൽ ഇത്തമ്മ - കൊച്ചെറുക്കൻ ദമ്പതികൾക്ക് ജനിച്ച നാരായണൻ. വല്യവീട്ടിൽ തങ്കനാശാനായിരുന്നു നാരായണന്റെ എഴുത്താശാൻ. പിന്നീട് നാണുകർത്താവിൽ നിന്ന് അമരകോശം, സിന്ധരൂപം, ബാലപ്രബോധനം, വ്യാകരണം എന്നിവ പഠിച്ചു കഴിഞ്ഞ് ജ്യോതിഷവും, സംസ്കൃതവും പഠിക്കാൻ ചേർത്തല കളരിക്കൽ ശങ്കരൻ ജ്യോത്സ്യരുടെ ഗുരുകുലത്തിൽ അന്തേവാസിയായി. ജ്യോത്സ്യത്തിന് പുറമേ തന്ത്ര ശാസ്ത്രം, വൈദ്യം, വേദാന്തം, തർക്കശാസ്ത്രം തുടങ്ങിയവയിലും പേരുകേട്ട പണ്ഡിതനായിരുന്നു ശങ്കരനാശാൻ. നീണ്ട ഒൻപത് വർഷത്തെ പഠനത്തിന് ശേഷം നാരായണൻ 'കവടി കൂടാതെ ഫലം പറയും' എന്ന ഗുരുവിന്റെ വാക്കിൽ അനുഗ്രഹീതാനായ നാരായണൻ പിന്നീട് തന്റെ ഗുരുവായ ശങ്കരനാശാന്റെ ഒപ്പം ശിവഗിരിയിൽ പോയി നാരായണ ഗുരുഃതൃപ്പാദങ്ങളെ കണ്ട് അനുഗ്രഹം വാങ്ങി. തന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചെഴുന്നേറ്റ നാരായണനോട് ഗുരുദേവൻ ചോദിച്ചു "ഇഷ്ടദേവത സൂര്യനാണല്ലേ?" കൊള്ളമല്ലോ ഉപാസന മൂർത്തിയാക്കിക്കൊള്ളു, നാമം സൂര്യനാരായണനെന്നു തന്നെയാവട്ടെ.
ഗുരുദേവന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ശേഷം സൂര്യനാരായണൻ പിന്നീട് സ്വന്തം നാട്ടിൽ തിരിച്ചെത്തി മന്ത്ര സിന്ധികൾ സ്വായത്തമാക്കി സൂര്യോപാസകനായി. വീടുകളിൽ കല്യാണം, ഹവനം, ശേഷക്രിയ തുടങ്ങിയവ ചെയ്തു തുടങ്ങി.
ആത്മീയതേജസും സിദ്ധിയും ആർജിക്കുന്നതിനായി ഭാരതത്തിന്റെ തെക്കെ അറ്റമായ കന്യാകുമാരിയിൽ നിന്നും വടക്കെ അറ്റം വരെയുള്ള ക്ഷേത്രക്കളിൽ ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ ഭിക്ഷാംദേഹിയായി ഊരുചുറ്റി തീർത്ഥാടനം നടത്തി സമാപനം ഹരിദ്വാറിലായിരുന്നു. പിന്നീട് കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ തലനാടിനടുത്തുള്ള ഇല്ലിക്കൽ മലയിലെത്തുകയും, മലയിലുള്ള ഒരു ഗുഹയിൽ തപ:സ്സനുഷ്ഠിച്ച് തപസിദ്ധി നേടുകയും ചെയ്തു. പിന്നീട് കോട്ടയം ജില്ലയിലെ കോത്തല എസ്എൻഡിപി ശാഖയുടെ വകയിലുള്ള ഭജനമഠത്തിൽ സ്ഥിരവാസമക്കി അതൊടെ ആശാൻ എന്ന പേരിൽ ഭജനമഠത്തിലും പരിസരത്തും അദ്ദേഹം പ്രസിദ്ധനായി. തേജസും കർമ്മഫലവുമുള്ള വൈദികൻ എന്ന ഖ്യാതി പരക്കാൻ ഏറെ നാൾ വേണ്ടിവന്നില്ല. ആശാന്റെ ശിഷ്യത്വം നേടി പലരും ഭജനമഠത്തിൽ എത്താൻ തുടങ്ങി. അവരുടെയെല്ലാം ആഗ്രഹപൂർണ്ണതയ്ക്കായി ഒരു വൈദിക പഠനകേന്ദ്രം ആശാൻ തുടങ്ങി. ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. ധനസ്ഥിതി കുറവായിരുന്നതിനാൽ മഠത്തിൽ സൂര്യഭഗവാന് ക്ഷേത്രം നിർമ്മിച്ചിട്ടില്ലായിരുന്നു അതിനാൽ മഠത്തിനു മുമ്പിൽ തുളസിത്തറ തീർത്ത് ദേവസാന്നിദ്ധ്യവും ഗുരുദേവ ചൈതന്യവും അവാഹിച്ചാണ് ആശാൻ അവിടെ അദ്ധ്യാപനം തുടങ്ങിയത്.
ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഗുരുകുല പഠന രീതിയാണ് ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ പിന്തുടർന്നത്. വിദ്യാർത്ഥികൾ കഠിനമായ ബ്രഹ്മചര്യം അനുഷ്ഠിക്കണം. പുലർച്ചെ 2 മണിക്ക് ഉണരുന്ന വിദ്യാർത്ഥികൾ പുലർച്ചെ നാലു മണി വരെ പാഠങ്ങൾ ചൊല്ലി ഹൃദിസ്ഥമാക്കണം, പിന്നെ കുളി കഴിഞ്ഞ് മന്ത്രജപം, തപോനുഷ്ഠാനം തുടങ്ങിയ നിത്യാനുഷ്ടാനങ്ങൾ പാലിക്കണം. അനുഷ്ഠാനാനന്തരം ക്ഷേത്ര പൂജയാണ്.
ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതരുടെ സിദ്ധിയും പ്രസിദ്ധിയും നാടെങ്ങും വേഗത്തിൽ പരന്നു. വിശ്വാസികളുടെയും വിദ്യാർത്ഥികളുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചു. മഠം സാമ്പത്തീകമായി അഭിവൃദ്ധിയുടെ പാതയിലെത്തിയതോടെ ഭജന മഠത്തോടു ചേർന്ന് ചെറിയ ശ്രീകോവിലും ചുറ്റുമതിലും തീർത്തു ഇഷ്ടമൂർത്തിയായ സൂര്യഭഗവാനെ പ്രതിഷ്ഠിച്ചു.
ഏറെ കഴിയുംമുമ്പേ സൂര്യനാരായണ ദീക്ഷിൻ എന്ന പേരിൽ നാരായണനും, സൂര്യനാരായണപുരം എന്ന പേരിൽ കോത്തലയും ഗുരുദേവ ഭക്തരുടെ ഹൃദയങ്ങളിലും കേരളത്തിന്റെ ഭൂപടത്തിലും സ്ഥാനം പിടിച്ചു. സാധനാനുഷ്ഠാനങ്ങൾ കൊണ്ട് സന്യാസ ജീവിതം നയിച്ചു വന്ന സൂര്യനാരായണൻ അവസാനം ശ്രീനാരായണ ഗുരുഃതൃപ്പാദങ്ങളുടെ ശിഷ്യനായ സ്വാമി അമൃതാനന്തയിൽ നിന്ന് സന്യാസവും സ്വീകരിച്ചു.
പിന്നീട് എസ്എൻ പുരം എന്ന ചുരുക്കപ്പേരിൽ പ്രസിന്ധമായ സൂര്യനാരായണ പുരത്തിലെ മഠത്തിനുള്ളിലെ ക്ഷേത്രത്തിൽ സൂര്യഭഗവാന്റെ പഞ്ചലോഹ പ്രതിഷ്ഠ നടത്തി. ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി 'ശ്രീനാരായണ തീർത്ഥ സ്വാമിയുടെ' സാന്നിദ്ധ്യത്തിൽ എസ്എൻ പുരം ദേവസ്വം എന്ന പേരിൽ ഒരു സംഘടനയും സ്ഥാപിച്ചു. തെന്നിന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള സൂര്യ ക്ഷേത്രമെന്ന പ്രസിദ്ധിയും ആ കാലയളവിൽ എസ്.എൻ പുരം സൂര്യക്ഷേത്രത്തിന് ലഭിച്ചു. ക്ഷേത്രത്തിന് സമീപം ശ്രീനാരായണ ഗുരുദേവനായി ഒരു ഗുരുമന്ദിരവും ഇവിടെ സ്ഥാപിച്ചു "ഓം ശാന്തി ഗുരു" എന്ന ആലേഖനം ചെയ്യ്ത കണ്ണാടിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ലഘുപുജാരത്നം എന്ന വൈദിക ഗ്രന്ഥവും ബ്രഹ്മശ്രീ മലക്കൽ ശങ്കരൻ ജ്യോത്സ്യർ രചിച്ച അനുബന്ധ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സൂര്യനാരായണ പുരത്തെ വൈദിക പാഠ്യപദ്ധതി തയ്യാറാക്കിരിക്കുന്നത് ശിവഗിരി മഠത്തിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. സൂര്യ ക്ഷേത്രത്തിൽ സൂര്യാർഘ്യം എന്ന പേരിൽ വിധിഷ്ടമായ അനുഷ്ഠാനവും നടന്നു വരുന്നു. സൂര്യദേവന് പുറമേ ഗണപതി, വിഷ്ണു, ശിവൻ, ദേവി എന്നീ മൂർത്തികളെ ശ്രീകോവിലിലെ പ്രധാന പീഠത്തിൽ സാളഗ്രാമത്തിൽ പൂജിക്കുന്നതും ഇവിടത്തെ വിശേഷാനുഷ്ഠാനമാണ്. ഞായറാഴച തോറും നവഗ്രഹപൂജയും നവഗ്രഹശാന്തി ഹവനവും ഇവിടെ നടത്തി വരുന്നു. സൂര്യ ഭഗവാന്റെ സന്നിധിൽ എഴുത്തിനിരുത്തുന്നതും പേരിടുന്നതും ചോറുണ് നടത്തുന്നതും പുണ്യമായി കാണുന്ന ഭക്തജനങ്ങൾ ധാരാളമുണ്ട് ഇവിടെ സൂര്യനാരായണ തീർത്ഥരുടെ ജന്മനക്ഷത്രമായ തുലാമസത്തിലെ അശ്വതി ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്സവദിനമാണ്.
സൂര്യനാരായണ തീർത്ഥസ്വാമിയുടെ ദിനചര്യക്ക് അങ്ങേയറ്റം പുതുമയുണ്ട്. ബ്രഹ്മമുഹൂർത്തത്തിൽ അദേഹം ഉറക്കമുണരും തുടർന്ന് ദന്തധാവന ശാചാദികൾക്കുശേഷം മന്ത്രപൂർവ്വമായ സ്നാനം, സ്നാനാനന്തരം നിത്യകർമ്മങ്ങൾക്കായി നാലമ്പലത്തിലും പ്രവേശിക്കും പിന്നീട് വേദ മണ്ഡപത്തിലിരുന്നു ജപം, ധാന്യം, സ്തോത്രം, പാരായണം എന്നിവ നടത്തും ചതുർവ്വേദങ്ങളും ഭഗവൽ ഗീതയും വ്യാസഭാരതവും സ്വാമിയുടെ നിത്യപാരായണ ഗ്രന്ഥങ്ങളിൽപ്പെടുന്നു. ശ്രീകോവിലിലെ ആരാധന സമയത്ത് സ്വാമി സൂര്യ ഭഗവാനു മുമ്പിൽ ദണ്ഡ നമസ്കാരം ചെയ്യും. തുടർന്ന് ഭക്തർക്ക് തീർത്ഥവും പ്രസാദവും നൽകും. എല്ലാം തീരുമ്പോൾ 9 മണി കഴിയും എല്ലാ ചടങ്ങുകളും പൂർത്തികരിച്ച് മഠത്തിൽ തിരിച്ചത്തിയിട്ടേ സ്വാമി ജലപാന പോലും കഴിക്കു .
ദിനചര്യ പോലെത്തന്നെ സവിശേഷമാണ് സ്വാമിയുടെ ഭക്ഷണക്രമവും അമ്പതു വയസ്സിനു മുമ്പേ അരിയാഹാരം പൂർണ്ണമായും ഉപേക്ഷിച്ചു. ഭക്ത സന്നിതിയിൽ നിവേദിക്കുന്ന ത്രിമധുരം, ഒരു ഗ്ലാസ് പാല് ഇത് മാത്രമാണ് ആഹാരം 'ജീവനു നിലനിർത്താനുള്ള അല്പാഹാരം മാത്രം. സ്വാമിയുടെ വൈദിക ശിഷ്യരിൽ പലരും അദ്ധ്യാത്മികരംഗത്തും വൈദിക കർമ്മങ്ങളിലും പേരും പെരുമയും നേടിയവരായി കേരളത്തിലുണ്ട്. കോരുത്തോട് ബാലകൃഷ്ണ തന്ത്രി, പൂഞ്ഞാർ കാർത്തികേയൻ തന്ത്രി , പള്ളം കരുണാകരൻ ശന്തി, കുറിച്ചി വാസു ശാന്തി, കാമാക്ഷി കുമാരൻ ശാന്തി, ചേർത്തല ശ്രീകുമാരൻ ശാന്തി, അടിമാലി ബാലകൃഷ്ണൻ ശാന്തി, പത്മപുരം കരുണാകരൻ ശന്തി, കോത്തല കുട്ടപ്പൻ ശാന്തി, കോത്തല വിദ്യാധരൻ ശാന്തി (തങ്കപ്പൻ ശാന്തി), കോത്തല വിശ്വനാഥൻ ശാന്തി ഏന്തയാർ മോഹനൻ ശാന്തി, കോത്തല പുരുഷൻ ശാന്തി, ശാലു ശാന്തി, ഇങ്ങനെ പട്ടിക നീണ്ടു പോകുന്നു.
സൂര്യനാരായണ ഗുരുവിന്റെ സ്മരണ നിലനിർത്താനായി അദേഹത്തിന്റെ വത്സല ശിഷ്യന്മാർ സ്ഥാപിച്ചതാണ് സൂര്യനാരായണ ഗുരുകുല ശ്രീനാരായണ വൈദിക പരിഷത്ത്. കേരളത്തിലെ ആറ് ജില്ലകളിൽ പ്രമുഖ ക്ഷേത്രങ്ങളിൽ പുരോഹികർ ഈ വൈദിക പരിഷത്തിലെ പഠിതാക്കാളാണ്. നൂറിലധികം ശിഷ്യന്മാർക്ക് നേരിട്ട് വൈദിക പഠനം നടത്തുകയും, ആയിരത്തോളം പേർ ശിഷ്യത്വം സ്വീകരിക്കുകയും ഗുരുനാഥനിൽ നിന്നും ലക്ഷക്കണക്കിന് ഭക്തന്മാർക്ക് അനുഗ്രഹം ലഭിക്കുകയും ചെയ്തു.
സൂര്യനാരായണ ദീക്ഷിതർ ആ കാലത്ത് മാനസിക രോഗികൾ, മാറാ രോഗികൾ, ജീവിത കഷ്ട്ടതകൾ അനുഭവിക്കുന്നവർ, സന്താനഭാഗ്യം ലഭിക്കാത്തവർ, മംഗല്യ ഭാഗ്യം ലഭിക്കാത്തവർ അങ്ങനെ സമൂഹത്തിലെ ആപാലവൃതജനങ്ങളെയും ദുരിതം മാറ്റി അനുഗ്രഹം ചൊരിഞ്ഞിരുന്നു. അത്തരത്തിലെ പല പ്രവർത്തികളും പിന കാലത്ത് വ്യാപകമായി ജനങ്ങൾ അത്ഭുതത്തോട് പറയുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, രാഷ്ട്രിയ നേതാക്കന്മാർ, ഗവർണന്മാർ, ജഡ്ജിന്മാർ, സമുദായ നേതാക്കന്മാർ, സംസ്കാരിക നായകന്മാർ, ഉന്നത ഗവൺമെന്റ് ജോലിക്കാർ, സിനിമ താരങ്ങൾ, പ്രമുഖ ഡോക്ടന്മാർ, ഉൾപ്പെടെ ഇന്ത്യയുടെ പല കോണുകളി നിന്നുമുള്ള പ്രമുഖന്മാർ, ഹിമാല സാനുക്കൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നും സന്യാസിന്മാർ എന്നിങ്ങനെ സൂര്യനാരായണ ദീക്ഷിതരെ കാണുന്നതിനായി എസ്എൻ പുരത്ത് എത്തുന്നവരുടെ നിര ആ കാലയളവിൽ നീണ്ടു നിൽക്കുന്നു.
പക്ഷികൾ, മ്യഗങ്ങൾ, ഉരഗങ്ങൾ ഉൾപ്പെടെ സകല ചരാചരങ്ങൾക്ക് എല്ലാ ദിവസവും ഭക്ഷണവും വെള്ളവും സസ്നേഹം നൽകി പരിപാലിക്കുന്ന ഗുരുനാഥൻ ഇതിലൂടെ ശിക്ഷഗണങ്ങൾക്കും ഭക്തർക്കും നൽകിയ സന്ദേശം വലുതായിരുന്നു. ഉത്തമാചാര്യനു വേണ്ട എല്ല ലക്ഷണങ്ങളും തികഞ്ഞ മഹാത്മാവായി പ്രശോഭിച്ച സൂര്യനാരായണ സ്വാമി 2000 ജൂൺ 13 ചൊവ്വാഴ്ച പകൽ 2.20 ന് 101-ാം വയസിലാണ് ഇഹലോകവാസം വെടിഞ്ഞത്. പിറ്റേന്ന് ഉച്ചക്ക് രണ്ടു മണിക്ക് നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ സാന്നിദ്ധ്യത്തിൽ സന്യാസി ശ്രേഷ്ഠന്മാരുടെ കാർമ്മികത്വത്തിൽ സാമധി ചടങ്ങ് നടന്നു.
NB : പലരിൽ നിന്നും ചോദിച്ചറിഞ്ഞ വിവരങ്ങൾ വെച്ചാണ് ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതരെ പറ്റി ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ കഴിഞ്ഞത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സ്നേഹ-വിമർശനങ്ങളോടെ ചൂണ്ടികാണിക്കണമെന്നു താത്പര്യപ്പെടുന്നു.
സോബിൻലാൽ