തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കിയില്ല. കാറ്റ്, മഴ, കാർമേഘങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൺസൂൺ പ്രഖ്യാപിക്കുക. മൂന്ന് മാനദണ്ഡങ്ങളും പൂർത്തിയായാൽ നാളെയോ മറ്റന്നാളോ ആയിരിക്കും മൺസൂൺ പ്രഖ്യാപനം.
കാലവർഷം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞു. കൂടാതെ അറബിക്കടലിൽ കാർമേഘങ്ങളും രൂപപ്പെട്ടു. അറബിക്കടലിൽ നാളെ രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മഴ ഉണ്ടായേക്കും.
അതേസമയം ജൂണ്‍ ഏഴു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 5ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ (24 മണിക്കൂറിൽ 7 -11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്.