വടക്കാഞ്ചേരി: തൃശൂർ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി.
പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം.
കോൺഗ്രസിൽ നിന്നും പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാർ അറിയിച്ചു. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡന്‍റാണ് അജിത് കുമാർ.
നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കുകയായിരുന്നു.
വടക്കാഞ്ചേരി മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ് അജിത്കുമാർ.