തിരുവനന്തപുരം: തമ്പാനൂരിൽ ഗർഭിണിക്ക് നേരെ ആക്രമണം. നടന്നുപോയ യുവതിയെ ഒരാൾ കടന്നു പിടിക്കുകയായിരുന്നു. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോവാനായി ബസ് ഇറങ്ങി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
റെയിൽവേ സ്റ്റേഷൻ കഴിഞ്ഞുള്ള ഓവർബ്രിഡ്ജ് കയറിയിറങ്ങി നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ പിന്നാലെയെത്തിയ ഇയാൾ യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ശേഷം യുവതിയെ മറികടന്നുപോയ ഇയാൾ കുറച്ചുനേരം നോക്കിനിൽക്കുകയും ചെയ്തു. യുവതി പ്രതികരിക്കാനൊരുങ്ങിയപ്പോൾ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.
യുവതി അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ യുവതി പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്തു. 40നോടടുത്ത് പ്രായമുള്ളയാളാണ് പ്രതിയെന്ന് യുവതി പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മുഖം വ്യക്തമായില്ലെന്നാണ് വിവരം. ഇയാൾ ഈ പ്രദേശത്ത് സ്ഥിരമായി നിൽക്കുന്നയാളാണെന്ന സംശയവുമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.