വനമേഖലകളിൽ നിന്നുള്ള ഭീകരാക്രമണം നേരിടാൻ കശ്മീരിൽ 100 കോബ്ര കമാൻഡോകളെ നിയോഗിച്ച് സിആർപിഎഫ്





ജമ്മു : കശ്മീർ താഴ്‌വരയിലെ പർവതപ്രദേശങ്ങളിലും ഇടതൂർന്ന വനമേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ കോബ്ര കമാൻഡോകളെ നിയോഗിച്ചിരിക്കുകയാണ് സിആർപിഎഫ്. 100 കോബ്ര കമാൻഡോകളെയാണ് കശ്മീരിൽ വിന്യസിക്കുക. ഭാവിയിൽ കൊക്കർനാഗ് പോലുള്ള ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയെ സഹായിക്കാൻ ഈ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര കമാൻഡോകൾക്ക് കഴിയും.

മറ്റു സുരക്ഷാ സേനകളെ സഹായിക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ കോബ്ര കമാൻഡോകളും തീവ്രവാദികൾക്കെതിരെ ആക്രമണം നടത്തുന്നതാണ്. സെപ്റ്റംബർ ആദ്യം അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗിലെ നിബിഡ വനത്തിൽ നിന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു കേണലും ഒരു മേജറും ഉൾപ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർ, ജമ്മു കശ്മീരിലെ ഒരു ഡിഎസ്പി എന്നിവർ കൊല്ലപ്പെട്ടിരുന്നു.

ജംഗിൾ, ഗറില്ലാ യുദ്ധത്തിൽ പ്രത്യേക പരിശീലനം നേടിയവരാണ് സിആർപിഎഫിന്റെ കോബ്ര ബറ്റാലിയൻ. നക്സലുകളെ നേരിടാനാണ് ഇവരെ കൂടുതലും ഉപയോഗിക്കുന്നത്. വനത്തിനുള്ളിൽ നിന്ന് സുരക്ഷാ സേനയെ ആക്രമിക്കാനുള്ള പാകിസ്ഥാൻ ഭീകരരുടെ പുതിയ തന്ത്രങ്ങൾ നേരിടാനാണ് കശ്മീരിൽ കോബ്ര കമാൻഡോകളെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചത്.

Previous Post Next Post