ഭൂമി വിട്ട് ആദിത്യ എല്‍ വണ്‍; ഇനി 110 ദിവസം നീണ്ട യാത്ര, ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍


 
ബംഗളൂരു : സൂര്യനെ കുറിച്ച് പഠിക്കാന്‍ അയച്ച ആദിത്യ എല്‍ വണ്‍ പേടകം ഭൂഗുരുത്വ വലയം ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചു. പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്. 110 ദിവസത്തിന് ശേഷം ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് വണ്‍ ഭ്രമണപഥത്തില്‍ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരം വരുന്ന യാത്രക്കിടയില്‍ ചില പാത തിരുത്തല്‍ കൂടിയുണ്ടാകും.

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തി. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിച്ചു. 

മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം.
Previous Post Next Post