ഇടുക്കി: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്.
രണ്ടാനമ്മയാണ് കുട്ടിയെ വിൽപ്പനയ്ക്ക് വച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കുട്ടിയുടെയും വല്യമ്മയുടെയും മൊഴി രേഖപ്പെടുത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയാണ് പ്രതിയെന്ന് വ്യക്തമായത്. ഇതേ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
ആറ് മാസം പ്രായമുള്ള കുട്ടിയുടെ മാതാവാണ് പ്രതി. അതിനാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്കായി പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനോടുള്ള ദേഷ്യത്തെ തുടർന്നാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത് എന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ ദിവസമായിരുന്നു 11 കാരിയായ കുട്ടിയെ വിൽപ്പനയ്ക്ക് വച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവാണ് പെൺകുട്ടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്നായിരുന്നു പോലീസ് ആദ്യം കരുതിയിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് അന്വേഷണം രണ്ടാനമ്മയിലേക്ക് നീണ്ടത്.