നിപ; ഇന്നലെ പരിശോധനയ്ക്കയച്ച 11 പേരുടെ ഫലവും നെഗറ്റീവ്

 


കോഴിക്കോട് :  നിപ സ്ഥിരീകരണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ തുടരുന്ന കേരളത്തിന് ഇന്നത്തെ സ്രവ പരിശോധനാഫലം ആശ്വാസം. ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ന് 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 950 പേരാണുള്ളതെന്ന് കോഴിക്കോട് ഡിഎംഒ ഡോ കെ കെ രാജാറാം അറിയിച്ചു.നിപ സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം സഹായിയായി ഒരാള്‍ക്ക് മാത്രം അനുമതി. കള്ളുചെത്തും വില്‍പ്പനയും നിരോധിച്ചു. നിപ പരിശോധന ഫലം വേഗത്തിലാക്കാനായി ഐ സി എം ആര്‍ മൊബൈല്‍ യൂണിറ്റ് ഉള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമായി.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് മാത്രമല്ല രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമാണ് അനുവദിക്കുക. വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നത് തടയണം. വവ്വാലുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുത്. പന്നികള്‍ ചത്താലോ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലോ മൃഗാശുപത്രിയില്‍ അറിയിക്കണം. കണ്ടൈന്‍മെന്റ് സോണില്‍ കള്ള് ചെത്തുന്നതും , വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കുള്ള പ്രവേശനം വിലക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നുള്ള മൊബൈല്‍ യൂണിറ്റും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബും സജ്ജമാകും.

Previous Post Next Post