ഹെലികോപ്ടറില്‍ നിന്നും കൂറ്റന്‍ ഷിപ്പിലേക്ക് ഊര്‍ന്നിറങ്ങി ഐറിഷ് കമാന്‍ഡോകള്‍; അയര്‍ലന്റ് തീരത്ത് നടത്തിയത് 1300 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട; ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡില്‍ കണ്ടെടുത്തത് രണ്ട് ടണ്ണിലേറെ കൊക്കൈന്‍



അയര്‍ലന്‍ഡ് തീരത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടികൂടിയത് ഏകദേശം മുന്നൂറ് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍. മയക്കുമരുന്ന് മാഫിയയുടെ മദര്‍ ഷിപ്പിലേക്ക് വലിയ വടങ്ങള്‍ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ നിന്നും പറന്നിറങ്ങിയാണ് ഉന്നത പരിശീലനം സിദ്ധിച്ച ആര്‍മി റേഞ്ചര്‍ വിംഗ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എം വി മാത്യു എന്ന ഈ കപ്പലിനെ നിരീക്ഷിച്ചു വരികയായിരുന്നു.
അയര്‍ലന്‍ഡിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് കടത്തുവാന്‍ മാഫിയാ സംഘങ്ങള്‍ ഈ കപ്പല്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ കരുതുന്നത്. മറ്റൊരു സംഭവത്തില്‍ ഇതേ കള്ളക്കടത്ത് സംഘത്തിന്റെതെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു ബോട്ട് സെയിന്റ് ജോര്‍ജ്ജ് ചാനലില്‍ പിടികൂടിയതിനെ തുടര്‍ന്നായിരുന്നു ഈ വലിയ കപ്പല്‍ നിരീക്ഷണ വിധേയമാക്കിയത്. ഐറിഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 2 ടണ്ണിലേറെ കൊക്കെയ്ന്‍ ആണ് പിടികൂടിയത്.
പിന്നീട് ആര്‍മി റേഞ്ചര്‍ വിംഗ്, ഐറിഷ് നേവി, റവന്യൂ, ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ്, ഓര്‍ഗനൈസ്ഡ് ക്രൈം ബ്യുറോ എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 31 വയസ്സും 50 വയസ്സും 60 വയസ്സും ഉള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ഞായറാഴ്ച്ച പിടികൂടിയ ചെറു ബോട്ടില്‍ ഉണ്ടായിരുന്നവരാണ്. പനാമയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പല്‍ തെക്കെ അമേരിക്കന്‍ മയക്കുമരുന്ന് മാഫിയ അയര്‍ലന്‍ഡിലെക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചു എന്നാണ് അനുമാനം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആളോഴിഞ്ഞ തീരങ്ങളില്‍ ഈ കപ്പലില്‍ നിന്നും ചെറു ബോട്ടുകളിലേക്ക് ലഹരിമരുന്ന് മാറ്റും. പിന്നീട് അത് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കും. ഇതായിരുന്നു മാഫിയയുടെ പദ്ധതി എന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.കപ്പല്‍ ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നറിയാനായി ഐറിഷ് അധികൃതര്‍ ഇന്റര്‍പോളും യൂറോപോളുമായി ചേര്‍ന്ന്പ്രവര്‍ത്തിക്കുകയാണെന്ന് അറിയുന്നു. ഐറിഷ് തുറമുഖത്ത് അടുപ്പിച്ച കപ്പലില്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളിലും രണ്ട് വിമാനങ്ങളിലുമായായിരുന്നു കമാന്‍ഡോകള്‍ കപ്പലില്‍ എത്തിയത്.
ഏകദേശം 630 അടിയിലധികം നീളമുള്ള എം വി മാത്യൂ എന്ന കപ്പലിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉടനടി കപ്പല്‍ അതിന്റെ ദിശ മാറ്റുന്നു. അതിനിടയില്‍ തന്നെ ഐറിഷ് കമാന്‍ഡോകള്‍ കപ്പലില്‍ കയറി അതിന്റെ വിവിധ ഭാഗങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. കമാന്‍ഡോകള്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ്, ഓര്‍ഗനൈസ്ഡ് ക്രൈം ബ്യുറോ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി വിശദമായ പരിശോധന നടത്തിയാണ് 136 മില്യന്‍ പൗണ്ട് വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്.
Previous Post Next Post