പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിക്കും; ചാണ്ടി ഉമ്മന് 14% കൂടുതൽ ഭൂരിപക്ഷ ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം



കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മികച്ച വിജയമുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് പുതിയ ഫലങ്ങൾ വന്നിരിക്കുന്നത്.ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് സർവേ ഫലം വന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടുകളും മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് പ്രവചനം.


ഇത്തവണ 72.86 ശതമാനം വോട്ടുകളാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.

ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,31,026 വോട്ടുകളാണ് പോൾ ചെയ്തിരിക്കുന്നത്. പുറത്തുവന്ന കണക്ക് അനുസരിച്ച് 69,443 വോട്ടുകൾ നേടും, എൽഡിഎഫിന് 51,100 വോട്ടുകളും ബിജെപിക്ക് 6,551 വോട്ടുകളുമാണ് ലഭിക്കുക.

18,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. പുരുഷ വോട്ടർമാരിൽ 50 ശതമാനവും സ്ത്രീ വോട്ടർമാരിൽ 56 ശതമാനവും യുഡിഎഫിന് തന്നെയാണ് വോട്ട് ചെയ്തെന്നാണ് എക്സിറ്റ് പോൾ കണ്ടെത്തൽ.

ജെയ്ക് സി തോമസിന് 41 ശതമാനം പുരുഷ വോട്ടർമാരുടെ വോട്ടുകളും 37 ശതമാനം സ്ത്രീ വോട്ടർമാരുടെ വോട്ടുകളും ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ കണക്ക് പറയുന്നത്. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടർമാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ തയ്യാറാക്കിയത്.വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലെ കേന്ദ്രത്തിൽ വച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്.
Previous Post Next Post