ലണ്ടന്‍ നഗരത്തെയും ബ്രിട്ടനെ മുഴുവനായും ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൗമാര കൊലപാതകം കൂടി. ഇരകളും പ്രതികളും കൗമാരക്കാരാകുന്ന കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയിലാണ് ഇപ്പോള്‍ 15 കാരിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ മുന്‍ കാമുകന്റെ കൈയ്യാല്‍ ദാരുണമായി കൊലചെയ്യപ്പെട്ട വിവരം പുറത്തു വരുന്നത്. സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു കൊലപാതകം എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ക്രോയ്‌ഡോണിലെ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കൊലചെയ്യപ്പെട്ടത്. ഔദ്യോഗിക നാമ വെളിപ്പെടുത്താത്ത പെണ്‍കിട്ടിയെ എലിയന്ന എന്ന പേരിലാണ് ഇപ്പോള്‍ രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സ്‌കൂള്‍ ഗെയ്റ്റ് എത്താന്‍ കഷ്ടി ഒരു മൈല്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു രാവിലെ എട്ടര മണിക്ക് ഈ കുട്ടി ആക്രമണ വിധേയയായത്.
ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, വിറ്റ്ഗിഫ്റ്റ് സെന്ററിന്റെ പുറത്ത് നമ്പര്‍ 60 ബസ്സില്‍ നിന്നും പുറത്തിറങ്ങുന്നത് കണ്ടു എന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് അതില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ കലഹമുണ്ടായി എന്നും അവര്‍ പറയുന്നു. ഒരുമിച്ച് പോകാമെന്ന ആണ്‍കുട്ടിയൂടെ ആവശ്യവും അയാള്‍ നല്‍കിയ പുഷ്പങ്ങളും നിരാകരിച്ചതിനാലാണ് കൊല ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് അയാള്‍ ആ പെണ്‍കുട്ടിയുടെ സുഹൃത്തുമായാണ് സംസാരിച്ചത് എന്നാണ്.
സുഹൃത്ത്, ആണ്‍കുട്ടിക്ക് അയാളുടെ ബാഗ് നല്‍കുന്നതിനിടയില്‍ ആണ്‍കുട്ടി അവള്‍ക്ക് പുഷ്പങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും അപ്പോള്‍ ഇര അതില്‍ ഇടപെട്ട് കലഹിക്കുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ഗേള്‍, പ്രിന്‍സസ് എന്ന് എഴുതിയ ഒരു കുറിപ്പും രക്തക്കറ പുരണ്ട നിലയില്‍ സംഭവസഥലത്തു നിന്നും ഫൊറെന്‍സിക് വിദഗ്ധര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായി ആണ്‍കുട്ടി നല്‍കിയ പുഷ്പം ഇര നിഷേധിച്ചതായി ഇരയുടെ ഒരു സുഹൃത്ത് പറയുന്നു. മറ്റൊരാള്‍ പറഞ്ഞത്, നിങ്ങളുടെ കൂടെ വരാന്‍ താത്പര്യമില്ല എന്ന് പെണ്‍കുട്ടി പറയുന്നത് കേട്ടു എന്നാണ്. ബസ്സ് ഡ്രൈവറും മറ്റു യാത്രക്കാരും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഠിനമായി ശ്രമിച്ചെങ്കിലും അവള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.
തൊട്ടടുത്തുള്ള ന്യു ആഡിംഗ്ടണില്‍ വെച്ച് 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുള്ളതായി കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു.