17 വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല : യുജിസി


ന്യൂഡൽഹി : മെഡിസിൻ, നഴ്സിങ്, ഫിസിയോതെറപ്പി, ഫാർമസി, അഗ്രികൾചർ, ഹോട്ടൽ മാനേജ്മെന്റ്, നിയമം, ആർക്കിടെക്ചർ, എൻജിനീയറിങ് തുടങ്ങിയ 17 വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ലെന്നു യുജിസി വ്യക്തമാക്കി.

ഒക്യുപേഷനൽ തെറപ്പി, ഡെന്റിസ്ട്രി, ഹോർട്ടികൾചർ, കേറ്ററിങ് ടെക്നോളജി, കളിനറി സയൻസസ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, വിഷ്വൽ ആർട്സ് ആൻഡ് സ്പോർട്സ്, ഏവിയേഷൻ എന്നിവയാണു മറ്റു മേഖലകൾ. ഓൺലൈൻ, വിദൂര വിദ്യാഭ്യാസ രീതിയിലുള്ള എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾ ഒരു വിഷയത്തിലും അംഗീകരിക്കില്ലെന്നും യുജിസി വ്യക്തമാക്കി.

ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കു ചേരുന്നവർക്കായി യുജിസി പ്രസിദ്ധീകരിച്ച മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. തമിഴ്നാട്ടിലെ പെരിയാർ സർവകലാശാലയ്ക്കും ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയ്ക്കും ജൂലൈ–ഓഗസ്റ്റ്, 2024 ജനുവരി–ഫെബ്രുവരി അക്കാദമിക് സെഷനുകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുവാദമില്ലെന്നും മാർഗരേഖയിൽ പറയുന്നു.

ഓൺലൈൻ, വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ യുജിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതനുസരിച്ച് കേരളത്തിൽ കാലിക്കറ്റിൽ 25, കേരളയിൽ 23, എസ്എൻ ഓപ്പൺ സർവകലാശാലയിൽ 22 വീതം വിദൂരപഠന പ്രോഗ്രാമുകൾക്ക് അംഗീകാരമുണ്ട്. ഓരോ സർവകലാശാലയിലെയും പ്രോഗ്രാമുകളുടെ വിശദാംശങ്ങൾക്ക് deb.ugc.ac.in. ജൂലൈ–ഓഗസ്റ്റ് അക്കാദമിക് സെഷനിലേക്കുള്ള പ്രവേശന നടപടികൾ ഈ മാസം 30ന് അകം പൂർത്തിയാക്കണമെന്നാണു നിർദേശം.
Previous Post Next Post