2,000 രൂപ നോട്ടുകൾ മാറി എടുക്കുന്നതിനും ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനും ആർബിഐ അനുവദിച്ചിരുന്ന കാലാവധി അവസാനിക്കാൻ ഇനി അഞ്ചു ദിവസങ്ങൾ കൂടെ മാത്രം. കാലാവധി വീണ്ടും നീട്ടി നൽകിയില്ലെങ്കിൽ കൈവശമുള്ള നോട്ടുകൾ മാറി എടുക്കാൻ കഴിയാതെ വരും. അവസാന ദിവസങ്ങളിൽ ബാങ്കുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ നേരത്തെ തന്നെ നിർദേശിച്ചിരു ന്നു.
ആമസോണിലൂടെ ഓർഡർ ചെയ്ത സാധനങ്ങൾ വീടുകളിൽ എത്തിക്കുമ്പോൾ ക്യാഷ് ഓൺ ഡെലിവറി തെരഞ്ഞെടുത്തവർക്ക് 2,000 രൂപ നോട്ടുകൾ നൽകാമായിരുന്നു. എന്നാൽ ആമസോൺ ഇനി 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. പ്രചാരത്തിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും എന്ന് സൂചനയുള്ളതിനാൽ ആണിത്. സെപ്തംബർ 19 മുതലാണ് 2,000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് ആമസോൺ നിർത്തി വെച്ചത്. ചില കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നേരത്തെ തന്നെ നിർത്തിയിരുന്നു.
നിലവിൽ പ്രചാരത്തിലുള്ളതിൽ ഏറ്റവും മൂല്യമുയർന്ന കറൻസി 2,000 രൂപയുടേതാണ്. 2,000 രൂപ നോട്ടിൻെറ അച്ചടി നേരത്തെ നിർത്തിയിരുന്നെങ്കിലും പ്രചാരത്തിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ് ആർബിഐ എന്ന് സൂചനയുണ്ട്.
നോട്ടുകൾ അസാധുവായോ?
ആർബിഐ നേരത്തെ നടത്തിയ പ്രഖ്യാപനം അനുസരിച്ച് 2,000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അതേസമയം മുഴുവൻ 2,000 രൂപ നോട്ടുകളും പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി സൂചനകൾ ഉണ്ടെങ്കിലും ഇവ നിയമാനുസൃതമായി തന്നെ തുടരുമെന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇതുവരെ നോട്ടുകൾ അസാധുവാക്കിയിട്ടില്ല. വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 30-ഓടെ വന്നേക്കും. രാജ്യത്തെ എല്ലാ ബാങ്കുകളിൽ നിന്നും പ്രത്യേക സ്ലിപ് നൽകി ഇപ്പോൾ 2,000 രൂപ നോട്ടുകൾ മാറ്റി എടുക്കാൻ ആകും.
2016 നവംബറിൽ രാജ്യത്തെ ഉയർന്ന മൂല്യമുള്ള 1,000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും അസാധുവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഉയർന്ന മൂല്യത്തിലെ 2,000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.