യു .കെ. : എച്ച് എം പി വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നും ബുധനാഴ്ച്ച രക്ഷപ്പെട്ട, തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഡാനിയല്‍ ഖാലിഫിനായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്ന ഒരു ഡെലിവറി വാനിന് അടിയില്‍ തൂങ്ങിയായിരുന്നു ഈ 21 കാരന്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. തിരച്ചില്‍ ശക്തമാക്കിയതിനൊപ്പം ഇയാളെ പിടികൂടാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 പൗണ്ടിന്റെ റിവാര്‍ഡും മെറ്റ് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജയില്‍ ചാടിയതിന് തൊട്ടുപിന്നാലെ ഇയാളെ കണ്ട ഇടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ട്രിനിറ്റി റോഡിന്റെ അറ്റത്തുള്ള വാന്‍ഡ്‌സ്‌വര്‍ത്ത് റൗണ്ട് എബൗട്ടില്‍ നിര്‍ത്തിയ ഒരു ബെഡ്‌ഫോര്‍ഡ് ഡെലിവറി വാനിന്റെ അടിയില്‍ നിന്നും ഇയാളുടെരൂപവുമായി സാദൃശ്യമുള്ള ഒരു വ്യക്തി ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കിയിരുന്നു. അതിനു ശേഷം ഇയാള്‍ വാന്‍ഡ്‌സ്‌വര്‍ത്ത് ടൗണ്‍ സെന്ററിനു നേരെ നടന്നു പോയി എന്നാണ് ദൃക്‌സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്.
സ്ഥിരീകരിക്കപ്പെട്ട ഈ മൊഴി ഖാലിഫിന്റെ കണ്ടെത്തുന്നതില്‍ അതീവ പ്രാധാന്യമുള്ള ഒന്നാണെന്നാണ് മെറ്റ് പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡര്‍ ഡൊമിനിക് മര്‍ഫി പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥര്‍ പല വഴികളില്‍ അന്വേഷണം മുന്‍പോട്ട് കൊണ്ടു പോകുന്നതിനാല്‍ ഖാലിഫിന് രക്ഷയില്ലെന്നും കീഴടങ്ങുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
റിവാര്‍ഡ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ച രാവിലെ, ജയിലിലെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഇയാള്‍ പാചകക്കാരന്റെ വേഷത്തില്‍ ജയിലില്‍ നിന്നും ഡെലിവറി വാനിനടിയില്‍ തൂങ്ങി രക്ഷപ്പെട്ടത്.
ഖാലിഫിനെ ബുധനാഴ്ച്ച കണ്ടു എന്ന് വെളിപ്പെടുത്തിയ ഒരു ഷോപ്പ് അസിസ്റ്റന്റിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. വാന്‍ഡ്‌സ്‌വര്‍ത്ത് കണ്‍ട്രി കോര്‍ട്ടിന് പുറത്ത് ഉയരമുള്ള ഒരു മനുഷ്യന്‍ ഒരു പലത്തിനടിയിലൂടെ ഓടുന്നത് കണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. സണ്‍ ഓണ്‍ലൈനിനോടായിരുന്നു ഇയാള്‍ ഇത് പറഞ്ഞത്. പിന്നീട് അവിടെ കാത്തു നിന്നിരുന്ന ഒരു കറുത്ത വാഹനത്തില്‍ ഇയാള്‍ കയറിപ്പോയതായും ഷോപ്പ് കീപ്പര്‍ പറഞ്ഞിരുന്നു.
ഓള്‍ഡ് യോര്‍ക്ക് റോഡില്‍ വാന്‍ഡ്‌സ്‌വര്‍ത്ത് ടൗണ്‍ സ്റ്റേഷനടുത്തുള്ള സെയ്ന്‍സ്ബറിയിലും ഇന്നലെ പോലീസ് എത്തി. ഖാലിഫിന്റെ നീക്കങ്ങളുടെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാനായിരുന്നു ഇത്. എന്നാല്‍, ഇവിടെ റോഡിനെ അഭിമുഖീകരിച്ച് സി സി ടി വി ക്യാമറ ഘടിപ്പിച്ചട്ടില്ല. ഏയര്‍ ഫോഴ്‌സ് ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയതിനും ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിനുമാണ് റോയല്‍ സിഗ്നല്‍ കോപ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ഖാലിഫിനെ അറസ്റ്റ് ചെയ്തിരുന്നത്.
ആസ്ഥാനത്തെ കമ്പ്യുട്ടറില്‍ നിന്നും പട്ടാളക്കാരുടെ വ്യക്തിപരമായ വിവരങ്ങളായിരുന്നു ഇയാള്‍ ചോര്‍ത്തിയത്. ഇത് ശത്രുക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുന്നതാണ് എന്നാണ് കരുതപ്പെടുന്നത്. അറസ്റ്റിന് ശേഷം റിമാന്‍ഡ് ചെയ്ത് വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ തടവിലിരിക്കവേയാണ് ഇയാള്‍ രക്ഷപ്പെട്ടത്. വരുന്ന നവംബര്‍ 20 ന് ഇയാളുടെ വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.