സമുദ്ര നിരപ്പുയര്‍ന്ന് 2050 ഓടെ ലണ്ടന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും; ഉയര്‍ന്നുകൊണ്ടിരിക്കുന്ന തിരകളുടെ പ്രവാഹവും കടലെടുപ്പും മൂലം അടുത്ത 25 വര്‍ഷത്തോടെ കെന്റ് മുതല്‍ കുംബ്രിയ വരെ നിരവധി പ്രദേശങ്ങള്‍ തിരകള്‍ വിഴുങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍



യു .കെ: കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും ബ്രിട്ടന്റെ വിസ്തൃതി എറെ കുറയ്ക്കുമെന്ന് മുന്നറിയിപ്പ്. സമുദ്ര നിരപ്പ് ഉയര്‍ന്ന് 2050 ആകുമ്പോഴേക്കും കെന്റ് മുതല്‍ കുംബ്രിയ വരെയുള്‍ല തീരദേശ പട്ടണങ്ങളെ തിരമാലകള്‍ വിഴുങ്ങുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ കടലോര പട്ടണങ്ങളെയും ലണ്ടന്‍ നഗരത്തിന്റെ ചില ഭാഗങ്ങളേയും കടല്‍ വിഴുങ്ങിയേക്കുംഎന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് പുറത്തു വന്നിരിക്കുന്നത്.
കെന്റിലെ ഡംഗ്നെസ്സ്, ഡെവണിലെ ബേണ്‍ഹാം, മേഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ട്, ലിങ്കണ്‍ഷേയറിന്റെ ഭൂരിഭാഗം ഭാഗങ്ങള്‍ എന്നിവയൊക്കെ കടല്‍ വിഴുങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണെന്ന് ക്ലൈമറ്റ് സെന്‍ട്രല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1900 ന് ശേഷം ബ്രിട്ടീഷ് സമുദ്ര നിരപ്പ് 15 സെ. മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പ് ഒരു മീറ്ററിലധികം ഉയരുമെന്ന് മെറ്റ് ഓഫീസും പ്രവചിച്ചിട്ടുണ്ട്.
പരിസ്ഥിതി സംഘടനയായ നാഷണല്‍ കോസ്റ്റല്‍ എറോഷന്‍ റിസ്‌ക് മാപ്പിംഗ് 2019 -ല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് സഫോക്കിലെ കെസ്സിംഗ്ലണ്ട്, യോര്‍ക്ക്ഷയറിലെ ഹോം സീ, വിതേര്‍ണ്‍ സീ, ഈസ്റ്റ് സസ്സെക്‌സിലെ കാംബര്‍ എന്നീ പ്രദേശങ്ങളാണ് അടുത്ത 20 വര്‍ഷക്കാലയളവില്‍ തീരശോഷണം സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള ഇടങ്ങള്‍ എന്നാണ്. സണ്ടര്‍ലാന്ദ്, നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഫിലി, ഈസ്റ്റ് സസ്സക്‌സിലെ പ്വെന്‍സെ ബേ, വെസ്റ്റ് സസ്സക്‌സിലെ ബോഗ്നോര്‍എന്നിവിടങ്ങളിലും അപകട സാധ്യത കൂടുതലുള്ള 10 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ പ്രശ്‌നം ഗൗരവമായി എടുത്ത് സംവാദങ്ങള്‍ ആവശ്യമാണെന്ന് എന്‍വിറോണ്മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യുട്ടീവ് സര്‍ ജെയിംസ് ബേവന്‍ പറയുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാധിക്കപ്പെടുന്ന ഇടങ്ങളിലെ സമൂഹങ്ങളുടെ വിദൂര ഭവി പരിഗണിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതൊക്കെ ഭാഗങ്ങളെ കൂടുതലായി ബാധിക്കും എന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം വെയ്ല്‍സിലെ ഫെയര്‍ബോണ്‍ വില്ലേജിലെ ആളുകളെ ഒഴിപ്പിച്ച്, പ്രതിരോധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ഈ സമുദ്രതീര ഗ്രാമത്തെ 2050 വരെ ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുന്നതായി ജെന്‍ഡ് കൗണ്‍സില്‍ അറിയിച്ചു. ഹാപ്പിസ്ബര്‍ഗ്, നോര്‍ഫോക്ക് എന്നിവിടങ്ങളിലെ, സമുദ്രതീര വീടുകള്‍ നേരത്തെ സമുദ്രത്തിൂല്‍ നിന്നും 20 അടി മാറി ആയിരുന്നെങ്കില്‍, ഇപ്പോള്‍ അവ സമുദ്രത്തിനടുത്തെ ചെങ്കുത്തായ ചെരുവില്‍ ആയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന കടല്‍ത്തീര ശോഷണത്തില്‍ 35 ല്‍ അധികം വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
അന്റാര്‍ട്ടിക്കയിലെ തൈ്വറ്റിസ് മഞ്ഞുപാളി പൂര്‍ണ്ണമായും ഉരുകിയാല്‍ സമുദ്ര നിരപ്പ് 3 മീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. യു കെയില്‍ അടുത്ത 20 വര്‍ഷക്കാലത്തിനുള്ളില്‍ സമുദ്ര നിരപ്പ് 2 മീറ്ററോളം ഉയരാന്‍ ഇടയുണ്ട്. ഇത് കെന്റിന്റെ ഭൂരിഭാഗം ഭാഗങ്ങളെയും വെള്ളത്തിനടിയിലാക്കും. ഒപ്പം ഹംബര്‍ അഴിമുഖത്തിന് ചുറ്റുമുള്ള ഹള്‍, സ്‌കന്തോപ്പ്, ഗ്രിംസ്‌കി എന്നീ പട്ടണങ്ങളും കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലായേക്കും.

Previous Post Next Post