യുഎഇയില്‍ വേനല്‍ക്കാലം ഈയാഴ്ച അവസാനിക്കും; താപനില 20കളിലേക്ക്



അബുദാബി: യുഎഇയില്‍ ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം പൂര്‍ണമായും അവസാനിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). അടുത്തയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.



വരുംദിവസങ്ങളില്‍ രാജ്യത്തെ രാത്രികാല താപനില 20കളിലേക്ക് താഴും. ഞായറാഴ്ച ദുബായില്‍ 26 ഡിഗ്രി വരെ എത്തിയേക്കുമെന്നും എന്‍സിഎം പ്രവചിക്കുന്നു. വാരാന്ത്യങ്ങളില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി 44 മുതല്‍ 49 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവിച്ച ദുബായ്, അബുദാബി നിവാസികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റാണ് ഇനി വരുന്നത്. വടക്കുകിഴക്കന്‍ കാറ്റ് അടുത്തയാഴ്ച മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ സൂചനയായി മണലും പൊടിയും വീശുകയും വായുവിന്റെ ഗുണനിലവാരവും ദൃശ്യപരതയും കുറയുകയും ചെയ്യും.ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ കനത്ത ഹ്യുമിഡിറ്റി കാരണം ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും പ്രയാസമായിരുന്നു. വരുന്ന തിങ്കളാഴ്ച ദുബായില്‍ പകല്‍ സമയത്ത് തണുപ്പ് അനുഭവപ്പെടും. താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും അബുദാബിയില്‍ കുറച്ചുദിവസം കൂടി ചൂട് തുടരുമെന്നും പ്രവചനമുണ്ട്.

രാജ്യത്ത് ഉയര്‍ന്ന താപനിലയുള്ള എമിറേറ്റുകളായ അബുദാബിയില്‍ 42 ഡിഗ്രിയും ദുബായില്‍ 40 ഡിഗ്രിയുമായിരുക്കും ചൊവ്വാഴ്ചയിലെ ഉയര്‍ന്ന താപനില. രണ്ട് എമിറേറ്റുകളിലും ചൊവ്വാഴ്ച മിക്ക സമയത്തും താപനില നന്നായി കുറഞ്ഞേക്കും.വരുന്നയാഴ്ച കിഴക്കന്‍ തീരങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്‌വീശും. ഇത് അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും ചെറുതോ മുതല്‍ മിതമായതോ ആയ തിരമാലകള്‍ക്ക് കാരണമാകും. അടുത്തയാഴ്ച രാവിലെ ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
Previous Post Next Post