യുകെ: ഏറെ പ്രതീക്ഷയോടെ ഇന്ത്യയും ബ്രിട്ടനും കാത്തിരുന്ന ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാര്‍ ഉടനെയുണ്ടാകില്ലെന്ന സൂചനകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഈയാഴ്ച്ച ഡല്‍ഹില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ കരാര്‍ യാഥാര്‍ത്ഥ്യമായേക്കും എന്നൊരു സൂചന നേരത്തെയുണ്ടായിരുന്നു. അത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇരു രാജ്യങ്ങളിലും അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഒരുപക്ഷെ അത് കഴിഞ്ഞാവും കരാര്‍ യാഥാര്‍ത്ഥ്യമാവുക.
ധൃതിപിടിച്ചുള്ള ഒരു കരാറിന് ഋഷി സുനകിന് താത്പര്യമില്ല എന്നാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വിസ്കി ഉള്‍പ്പടെയുള്ള പല സാധനങ്ങളുടെയും ഇറക്കുമതി ചുങ്കം ഇതുവഴി കുറഞ്ഞു കിട്ടുമെങ്കിലും, ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പ്രൊഫഷണല്‍ സര്‍വീസുകളുടെ കാര്യം ഉള്‍പ്പടെ വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രം മതി എന്ന നിലപാടാണത്രെ ഋഷിക്കുള്ളത്.
അതോടെ ഈയാഴ്ച്ച, ഡല്‍ഹിയില്‍ ഋഷി സുനക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമ്പോള്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലും 2024 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും കരാര്‍ സാധ്യമാവുക എന്നാണ് പൊതുവെയുള്ള വിശ്വാസം എങ്കിലും, ഈ വര്‍ഷം അവസാനത്തോടെ അത് സാധ്യമായേക്കും എന്ന് വിശ്വസിക്കുന്നവരും ഉന്നത കേന്ദ്രങ്ങളിലുണ്ട്.
ഇതോടെ, ബ്രെക്സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപാര കരാര്‍ എന്ന് ബ്രിട്ടന് വിശേഷിപ്പിച്ച കരാര്‍ ഒരു സ്വപ്നമായി തന്നെ കുറേ നാള് തുടരും. കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തില്‍ കരാര്‍ ഒപ്പിടുമെന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍, വിപുലമായ ഒരു വ്യാപാര കരാറിന് പകരം ഏതെങ്കിലും പരിമിതമായ ചരക്കുകള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു കരാറായിരുന്നെങ്കില്‍ അത് സാധ്യമാവുമായിരുന്നു എന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുനന്ത്. എന്നാല്‍, അതുപോലെ ഒരു പരിമിതമായ കരാര്‍ അല്ല വാണിജ്യ സെക്രട്ടരി കെമി ബേഡ്നോക്കും ഋഷി സുനകും പ്രതീക്ഷിക്കുന്നത്.
ചരക്കുകളുമായി ബന്ധപ്പെട്ട കരാര്‍ എത്രയും വേഗം സാധ്യമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ട ചില ഉന്നത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു കരാര്‍ ഉണ്ടായാല്‍ ഒരുപക്ഷെ എല്ലാം അവിടം കൊണ്ട് അവസാനിച്ചേക്കും. ബ്രിട്ടന് ആവശ്യപ്പെടുന്ന പല അടിസ്ഥാന കാര്യങ്ങളും ലഭിച്ചേക്കില്ല. അതുകൊണ്ടു തന്നെ വിശദമായ ചര്‍ച്ചകളാണ് ബ്രിട്ടന് താത്പര്യം എന്നും ഈ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ചര്‍ച്ചകള്‍ തുടരുമ്പോഴും വിയോജിപ്പിന്റെ മേഖലകള്‍ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കുമായി കൂടുതല്‍ വിസകള്‍ ഇന്ത്യ ആവശ്യപ്പെടുകയാണ്. എന്നാല്‍, അത്തരം നിബന്ധനകള്‍ വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തുന്നതിനോട് ബ്രിട്ടന് യോജിപ്പില്ല. മാത്രമല്ല, കുടിയേറ്റം വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ വിസ ഇളവുകള്‍ നല്കാന് ബ്രിട്ടന് താത്പര്യവുമില്ല.
അതുപോലെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരിലും വിയോജിപ്പ് ഏറെയുണ്ട്. ഇന്ത്യയില്‍ വ്യാപാരം ചെയ്യുന്ന ബ്രിട്ടീഷ് കമ്പനികളുടെ, പ്രത്യേകിച്ചും ഫാര്‍മസ്യുട്ടിക്കല്‍ മേഖലയിലുള്ളവയുടെ ബൗദ്ധിക സ്വത്ത് അവകാശം സൂക്ഷിക്കാന്‍ ബ്രിട്ടന് താത്പര്യപ്പെടുന്നു. അതുപോലെ, മറ്റു രാജ്യങ്ങള്‍ ഈ കരാറില്‍ നിന്നും കൂടുതല്‍ പ്രയോജനം എടുക്കാതിരിക്കാന്‍, യു കെയുടെ വെളിയില്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ ഈ കരാറില്‍ ഉള്‍പ്പെടുത്തുന്നത് പരിമിതപ്പെടുത്താന്‍ ഇന്ത്യയും ആഗ്രഹിക്കുന്നു.