ബൈഡന്‍ നാളെയെത്തും; മോദിയുമായി ചര്‍ച്ച, ഷിയും പുടിനുമില്ല, ജി 20യില്‍ ആരൊക്കെ?


 

ന്യൂഡൽഹി : ചൈനീസ്, റഷ്യന്‍ പ്രസിഡന്റു മാരുടെ അസാന്നിധ്യ ത്താല്‍, തുടങ്ങുന്നതിന് മുന്‍പേ തന്നെ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി. ഡല്‍ഹിയില്‍ 9,10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഏതെല്ലാം നേതാക്കള്‍ പങ്കെടുക്കും? 

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. നാളെ ന്യൂഡല്‍ഹിയിലെത്തുന്ന അദ്ദേഹം, ഐടിസി മൗര്യയിലായിരിക്കും താമസിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചത് അദ്ദേഹത്തിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നതില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് 

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് ശേഷം ഋഷിയുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. ഷാംഗ്രി ലാ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുക. 

ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാങ് 

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് പകരം പ്രധാനമന്ത്രി ലി ഖ്വിയാങ് നയിക്കുന്ന സംഘമാണ് ജി 20ക്ക് എത്തുന്നത്. ഇന്ത്യയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഷി ജിന്‍പിങ് ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സും അദ്ദേഹം ഒഴിവാക്കി. ജി 20 ഉച്ചകോടി ചരിത്രത്തില്‍ ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് എത്താതിരിക്കുന്നത്. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ഡല്‍ഹിയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ, ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ്, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, സൗത്ത് കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (നിരീക്ഷകരായി പങ്കെടുക്കാനാണ് ഇന്ത്യ ബംഗ്ലാദേശിനെ ക്ഷണിച്ചിരിക്കുന്നത്), തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, നൈജീരിയന്‍ പ്രസിഡന്റ് ബോലാ തിന്‍ബു എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Previous Post Next Post