ഏറ്റുമാനൂർ : കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെ ഏറ്റുമാനൂരിൽ പാലരുവി എക്സ്പ്രസ്സ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായി.
സെപ്റ്റംബർ 20 മുതൽ പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി.
സെപ്റ്റംബർ 20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന 16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സാണ് ഏറ്റുമാനൂരിൽ ആദ്യം എത്തിച്ചേരുന്നത്. ബുധനാഴ്ച രാത്രി 07.50 ന് എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബർ 20 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന പാലരുവി പിറ്റേദിവസം വ്യാഴാഴ്ച രാവിലെ 07.08 നാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്.
സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനം ശരിവെയ്ക്കുന്ന വരുമാനം ഏറ്റുമാനൂരിൽ നിന്ന് പ്രതീക്ഷിക്കാമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
2019 ഡിസംബർ 09 ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഏറ്റുമാനൂർ സ്റ്റേഷനിൽ തുടങ്ങിവെച്ച പ്രതിഷേധ സമരങ്ങൾക്കുള്ള വിജയമാണ് ഇതെന്ന് സെക്രട്ടറി ലിയോൺസ് ജെ. യും അഭിപ്രായപ്പെട്ടു.