കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്. ഇതിന് സന്നദ്ധമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയെ നന്ദിയറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഒരേ സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈല്‍ ലാബിലുണ്ട്. 3 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും. വൈറല്‍ എക്‌സ്ട്രാക്ഷന്‍, റിയല്‍ ടൈം പി.സി.ആര്‍. എന്നിവ ലാബില്‍ ചെയ്യാന്‍ കഴിയും. ടെക്‌നിക്കല്‍ സ്റ്റാഫ്, ഇലക്ട്രിക്കല്‍ തുടങ്ങി 5 പേരുടെ സംഘമാണ് ലാബിലുണ്ടാകുക.
നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 30 ന് മരിച്ചയാളുടെ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്‍ക്കും നിപ വൈറസ് പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണ്. നിപ രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. അവരുടെ ചികിത്സ ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കും നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.