ഹൈദരാബാ: ബോളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു. ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ലൈബ്രേറിയൻ ഡൂബെ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് മിശ്ര. അടുക്കളയിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് ഭാര്യയും നടിയുമായ സൂസേയ്ൻ ബേണെറ്റ് അറിയിച്ചു. വ്യാഴാഴ്ചയാണ് നടൻ അഖിൽ മിശ്രയുടെ മരണം. രക്തസമ്മർദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.അടുക്കളയിൽ സ്റ്റൂളിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. അതിനിടെ തെന്നിവീണ് തലയിടിക്കുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുൽവീന്ദർ ബക്ഷിയും നടന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടം നടക്കുമ്പോൾ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നു സൂസേയ്ൻ ബേണെറ്റ്. ഡോൺ, ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് അഖിൽ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ ഷോകളിലും അഖിൽ മിശ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. ഉഡാൻ, സി.ഐ.ഡി, ശ്രീമാൻ ശ്രീമതി, ഹാതിം തുടങ്ങിയവ അതിൽ ചിലതാണ്.