ഇടുക്കി: കാണാതായ പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി വീട്ടമ്മ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് തന്റെ വളർത്തു പൂച്ചയായ 'കുഞ്ഞിക്കുട്ടനു' വേണ്ടി പാരിതോഷികം പ്രഖ്യാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കുഞ്ഞിക്കുട്ടനെന്ന് പേര് ചൊല്ലി വിളിക്കുന്ന ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപെട്ട പൂച്ചയെ കഴിഞ്ഞമാസം 28 മുതലാണ് കുമളിയിൽനിന്നു കാണാതായത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് കുമളിയിൽ ഒന്നരമാസം മുൻപാണ് ഇവർ എത്തുന്നത്. മൂന്നു വർഷമായി സന്തതസഹചാരിയായി പൂച്ചയും ഇവർക്കൊപ്പമുണ്ടായിരുന്നു.ചികിത്സ കഴിഞ്ഞ് മടങ്ങാനുള്ള തയ്യാറെടുപ്പിൽ ഓഗസ്റ്റ് 28ന് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവർക്കായി മോഹവിലയായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടു കൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം ചുമരുകളിൽ ഒട്ടിച്ചിരിക്കുകയാണ്.പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചു. എന്നാൽ അതൊന്നും താൻ ഓമനിച്ചു വളർത്തിയ പൂച്ചയല്ലെന്ന് വീട്ടമ്മ പറയുന്നു. ചികിത്സ പൂർത്തീകരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവർ തത്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. പൂച്ചയെ എന്നു കണ്ടെത്തുന്നോ അന്നു മാത്രമേ കുമളിയിൽനിന്നു മടങ്ങുകയുള്ളൂയെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ. വിവരം ലഭിക്കുന്നവർക്ക് 81578 49400, 8075632258 നമ്പരുമായി ബന്ധപ്പെടാം.
കുഞ്ഞിക്കുട്ടനില്ലാതെ കുമളിവിട്ട് പോകില്ല; കണ്ടെത്തി നൽകിയാൽ 4000 രൂപ പാരിതോഷികം
jibin
0