ഏഴു വര്‍ഷത്തിനു ശേഷം ഡീസല്‍, പെട്രോള്‍ കാറുകള്‍ നിരോധിക്കാനുള്ള നീക്കം അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി; ഗ്യാസ് ബോയിലര്‍ മാറ്റിവയ്ക്കാനുള്ള ഗ്രാന്റ് 50 ശതമാനം വരെയാക്കി; ഋഷി സുനകിന്റെ പുതിയ നെറ്റ് സീറോ എമിഷന്‍ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ



യു .കെ: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതായിരുന്നു ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ഹരിതനയം. ഇന്ധനവിലക്കയറ്റത്തിന് വരെ ഒരു കാരണമായി ഈ നയം വിചാരണ ചെയ്യപ്പെട്ടിരുന്നു. ഇപ്പോളിതാ, അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പായി ലേബര്‍ പാര്‍ട്ടിയുമായി ടോറികള്‍ക്ക് ജനപ്രീതിയിലുള്ള വ്യത്യാസം കുറച്ചു കൊണ്ടുവരുന്നതിനായിഈ നയത്തില്‍ നിന്നും പുറകോട്ട് പോവുകയാണ് ഋഷി സുനക്.


അതിന്റെ ഭാഗമായി ഇപ്പോള്‍ പുതിയ പെട്രോള്‍- ഡീസല്‍ കാറുകള്‍ വില്‍ക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടുകയാണ്. അതുപോലെ ഗ്യാസ് ബോയ്‌ലറുകള്‍ നീക്കം ചെയ്യുന്നതിനുള്ള തീയതിയും നീട്ടും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഭരണകക്ഷി എം പിമാര്‍ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസ്സ് മേഖലയില്‍ അനിശ്ചിതാവസ്ഥ ഉണ്ടാക്കുവാനെ ഇത് ഉപകരിക്കൂ എന്നാണ് അവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.


കാലാവസ്ഥാ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രമുഖരും ഈ നീക്കത്തെ എതിര്‍ക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ചെലവേറുന്ന ഒരു നടപടിയാണ് ഇതെന്ന് പറയുന്ന അവര്‍, ഈ മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാനായ യു കെയുടെ നേട്ടങ്ങളെ ഇല്ലാതെയാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ അമേരിക്കന്‍ ഉപരാഷ്ട്രപതി അല്‍ ഗോറും ഋഷി ചെയ്യുന്നത് വലിയ തെറ്റാണെന്ന അഭിപ്രായക്കാരനാണ്.


പുതിയ നയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിന് എതിരാണെന്ന വാദം പക്ഷെ ഋഷി സുനക് തള്ളിക്കളയുന്നു. 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ആശയത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും എന്നാല്‍, കുറച്ചുകൂടി പ്രായോഗികവും, യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതുമായ ഒരു സമീപനമാണ് താന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊള്ളും എന്നതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.


എന്നാല്‍, 2050 ലെ ലക്ഷ്യം കൈവരിക്കുന്നതിനായി ഏടുക്കുന്ന നടപടികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിന് നിയമപരമായ ബാദ്ധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രേമികള്‍ കരുതുന്നത്. മുന്‍ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നടപടികള്‍ക്കെതിരെ അവര്‍ കോടതി നടപടികള്‍ ആരംഭിക്കുമെന്നും കരുതുന്നു. ഹരിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് വൈകിപ്പിക്കുക വഴി ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്ന് ഋഷി സുനക് അവകാശപ്പെടുമ്പോള്‍, നേരെ മറിച്ചായിരിക്കും സംഭവിക്കുക എന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു.


സമാനമായ രീതിയില്‍, വീടുകളില്‍ നിന്ന് ഗ്യാസ് ബോയ്‌ലറുകള്‍ ഒഴിവാക്കുന്നതിനുള്ള അവസാന തീയതിയും പ്രധാനമന്ത്രി നീട്ടുകയാണ്. പുതിയ നയമനുസരിച്ച്, ഗ്യാസ് ബോയ്‌ലറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കേണ്ട സാഹചര്യം വരുമ്പോള്‍ മാത്രം അവ മാറ്റി ഇലക്ട്രിക് ഹീറ്റ് പമ്പുകള്‍ ഘടിപ്പിച്ചാല്‍ മതി. അതുപോലെ ബോയ്‌ലര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഗ്രാന്റ് 7500 പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.

Previous Post Next Post