അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം; വിദേശയാത്രകളിലും അന്വേഷണം; പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും



കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.സതീഷ് കുമാറും അരവിന്ദാക്ഷനും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് യാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെന്‍ഷന്‍ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്ന് ഇഡി കണ്ടത്തി. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു.

2011-2019 കാലയാളവില്‍ സികെ ജില്‍സ് 11 ഭൂമി വില്‍പന നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കുന്നു.

Previous Post Next Post