വയോധികനെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസ്; ക്വട്ടേഷൻ നൽകിയത് യുവതി; മൂന്നുപേർ അറസ്റ്റിൽ



കൊച്ചി : ആലുവയിൽ വാടകവീട്ടിൽ താമസിക്കുന്ന വയോധികനെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ വീട്ടുടമയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ടുപറമ്പിൽ ചന്ദ്രൻ (56), ഇടപ്പള്ളി കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്.

തൃശൂർ കാതികുടം സ്വദേശിയായ ജോസ് (76) പ്രതി ലിജിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഒഴിഞ്ഞകെട്ടിടത്തിൽ ജോസിനെ ലിജി എത്തിച്ചത്. തുടർന്ന് ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്ന വ്യാജേന ലിജി പുറത്തേക്കുപോയി. ഈ സമയം ലിജി പറഞ്ഞുറപ്പിച്ചപ്രകാരം ക്വട്ടേഷൻ ഏറ്റെടുത്ത ചന്ദ്രനും പ്രവീണും ജോസിനെ മർദ്ദിച്ച് അഞ്ചരപ്പവന്റെ സ്വർണമാലയും മൊബൈൽഫോണും 450രൂപയും കവരുകയായിരുന്നു. 

തുടർന്ന് സ്ഥലത്തെത്തിയ ലിജി തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വീണ് പരിക്കേറ്റതാണെന്ന് പറയാനും ജോസിനെ ലിജി പ്രേരിപ്പിച്ചു. എന്നാൽ ആശുപത്രിയിൽനിന്ന് വിവരം പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികൾ ഒളിവിൽപ്പോയി. ലിജിയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസ് അന്വേഷണത്തിൽ ലിജിയെ ആലുവയിലും ചന്ദ്രനേയും പ്രവീണിനേയും ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.

ജോസിന്റെ കൈവശം എപ്പോഴും കൂടുതൽ പണമുണ്ടാകുമെന്നും ഇത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും ചന്ദ്രന് ക്വട്ടേഷൻ നൽകിയ ലിജി പൊലീസിനോട് പറഞ്ഞു.പ്രത്യേക അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി പി. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, പി.ടി. ലിജിമോൾ, ജി.എസ്. അരുൺ, സി,പി,ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് തുടങ്ങിയവർ ഉണ്ടായിരുന്നു.
Previous Post Next Post