മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ അതേ സംഘം ആക്രമിച്ചു


 

മലപ്പുറം : മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്കു മുൻപ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂർ
പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. 

മുള്ള്യാകുർശ്ശി തച്ചാംകുന്നേൽ നഫീസയ്ക്കു നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസർ (32), മുള്ള്യാകുർശ്ശി കീഴു വീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ.രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തേ വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ പ്രതികളാണ് ഇവർ. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു.
മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങൾക്കു മുൻപ് ബൈക്ക് കത്തിക്കാൻ നഫീസ ക്വട്ടേഷൻ നൽകിയത്. 

പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുർശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവർ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു.

Previous Post Next Post