ബഹ്‌റൈനിലും കിട്ടും ഗോള്‍ഡന്‍ ലൈസന്‍സ്; നേട്ടങ്ങളും യോഗ്യതയും അറിയാം



മനാമ: ഇതര ഗള്‍ഫ് രാജ്യങ്ങളെ പോലെ ബഹ്‌റൈനും സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് വലിയ തോതിലുള്ള നിക്ഷേപ പദ്ധതികള്‍ കൊണ്ടുവരുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ശ്രമങ്ങള്‍ തുടരുകയാണ്.

ഈ രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും ചെറിയ എണ്ണ ഉല്‍പ്പാദക രാജ്യമായ ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് അവതരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഗോള്‍ഡന്‍ ലൈസന്‍സ് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം നിരവധി കമ്പനികള്‍ക്ക് ഗോള്‍ഡന്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.
1.4 ബില്യണ്‍ ഡോളറിലധികം രാജ്യത്ത് നിക്ഷേപമിറക്കിയ അഞ്ച് കമ്പനികള്‍ക്ക് കഴിഞ്ഞ ജൂണിലെ ആദ്യ ആഴ്ചയില്‍ ഗോള്‍ഡന്‍ ലൈസന്‍സ് നല്‍കിയിരുന്നു.

ഗോള്‍ഡന്‍ ലൈസന്‍സ് ലഭിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ഭരണകൂടം വാഗ്ദാനം ചെയ്യുന്നു. പദ്ധതികള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ ഭൂമി അനുവദിക്കുന്നതും ബില്‍ഡിങ് പെര്‍മിറ്റ് അംഗീകാരം പോലെയുള്ള സര്‍ക്കാര്‍ സേവനങ്ങളും ഉദാരവും ലളിതവുമായിരിക്കും. ബഹ്‌റൈന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ബിസ്സിനസുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ലേബര്‍ ഫണ്ട് തംകീന്‍ എന്നിവയുടെ പിന്തുണയും ഉണ്ടാകും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജിത സഹകരണം, ബഹ്‌റൈനിലെ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡില്‍ നിന്നുള്ള ഒരു നിയുക്ത അക്കൗണ്ട് മാനേജറുടെ സേവനം, കമ്പനിയുടെ പ്രവര്‍ത്തനത്തിന് ബാധകമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയമസഹായങ്ങളും എന്നിവയും മറ്റ് നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു...

ബഹ്‌റൈനില്‍ 500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ നിക്ഷേപമുള്ള കമ്പനികള്‍ക്ക് ഗോള്‍ഡന്‍ ലൈസന്‍സ് ലഭിക്കും. അല്ലെങ്കില്‍ 50 മില്യണ്‍ ഡോളറില്‍ കൂടുതലുള്ള നിക്ഷേപ മൂല്യമുള്ള കമ്പനികള്‍ക്കും ഈ ലൈസന്‍സിന് അര്‍ഹതയുണ്ട്. കമ്പനികളുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിനും വിപുലീകരണത്തിനും ഈ ലൈസന്‍സ് ഉപകരിക്കും.


സിറ്റി, ഈഗിള്‍ ഹില്‍സ് ദിയാര്‍, ഇന്‍ഫ്രാകോര്‍പ്പ്, സൗദി ടെലികോം, വാംപോവ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ക്കാണ് രാജ്യത്ത് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനോ വേണ്ടി സര്‍ക്കാര്‍ ആദ്യം ലൈസന്‍സ് നല്‍കിയത്.

അടുത്ത വര്‍ഷത്തോടെ 20,000ത്തിലധികം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യം ലക്ഷ്യമിടുന്നു. സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ബഹ്‌റൈന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 4.9 ശതമാനം വളര്‍ച്ച കൈവരിച്ചു. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Previous Post Next Post