ഇന്ത്യയില്‍ നിന്നുള്ള 18 ഉം കുവൈറ്റിലെ 92 ഉം ഏജന്‍സികളുടെ റിക്രൂട്ടിംഗില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. തൊഴില്‍ തട്ടിപ്പ് സാധ്യതയുള്ള ഏജന്‍സികളുടെ ലിസ്റ്റും എംബസി പുറത്തുവിട്ടു
കുവൈത്ത്: കുവൈത്തിലെഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശ്രദ്ധയ്ക്കായി ഇന്ത്യന്‍ എംബസി താഴെ പറയുന്ന പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
2015 ലെ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളി നിയമ പ്രകാരമുള്ള തൊഴിലാളിയുടെ അവകാശങ്ങള്‍ ഇവയാണ്.
1. അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്.
2.തൊഴിലാളിയുടെ പ്രതിമാസ വേതനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മിനിമം വേതനത്തില്‍ കുറയാന്‍ പാടുള്ളതല്ല (ഇന്ത്യ ഗവണ്‍മെന്റ് ചട്ടങ്ങള്‍ അനുസരിച്ച്, കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിമാസം 120 ദിനാര്‍ ആണ്.)
3. തൊഴിലാളി ജോലിയില്‍ ചേര്‍ന്ന തീയതി മുതല്‍ ഓരോ മാസാവസാനത്തിലും നിശ്ചിത ശമ്പളം ഒരു കിഴിവും കൂടാതെ തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം . വേതനം വൈകുന്ന സാഹചര്യത്തില്‍, കാലതാമസം വന്ന ഓരോ മാസത്തിനും 10 ദിനാര്‍ വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നല്‍കണം).
4.തൊഴിലാളിക്ക് ഭക്ഷണം, വസ്ത്രം, വൈദ്യചികിത്സ, മതിയായ താമസസൗകര്യം എന്നിവ തൊഴിലുടമ സൗജന്യമായി നല്‍കണം
5. തൊഴിലുടമ തൊഴിലാളിക്ക് അധിക ജോലിക്കുള്ള വേതനം നല്‍കാത്ത സാഹചര്യത്തില്‍ മാനവ ശേഷി സമിതി അന്വേഷണം നടത്തി വേതനത്തിന്റെ ഇരട്ടി നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമയോട് ഉത്തരവിടും.
തൊഴിലുടമ തൊഴിലാളിക്ക് പ്രതിവാര വിശ്രമവും വാര്‍ഷിക അവധിയും നല്‍കണം
സേവനാന്തര ആനുകൂല്യമായി തൊഴിലുടമ തൊഴിലാളിക്ക് ഓരോ വര്‍ഷവും ഒരു മാസത്തെ വേതനം നല്‍കണം.
ആരോഗ്യത്തെ ബാധിക്കുന്നതോ മനുഷ്യന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതോ ആയ അപകടകരമായ ഒരു ജോലിയും ചെയ്യാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കരുത്.
പരമാവധി ജോലി സമയം പ്രതിദിനം 12 മണിക്കൂറില്‍ അധികമാകരുത്.
തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലാളിയുടെ പാസ്പോര്‍ട്ട്/സിവില്‍ ഐഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുത്.