കരുവന്നൂർ ബാങ്ക് തട്ടിപ്പ്…പരാതിക്കാർക്ക് വധഭീഷണി… കുടുംബത്തോടൊപ്പം രാജ്യം വിട്ടു


 

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണിയെ തുടർന്ന് രാജ്യം വിട്ടു. 2017ൽ കരുവന്നൂർ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരൻ ഷിജു കരീമും ചേർന്ന് ബാങ്കിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പാർട്ടിയിൽ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടാണ് കുടുംബ സമേതം രാജ്യം വിട്ടത്. സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

കരുവന്നൂർ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരൻ ഷിജു കരീമും ചേർന്ന് ബാങ്കിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്നായിരുന്നു 2017ൽ സുജേഷ് പാർട്ടിക്ക് പരാതി നൽകിയത്. എന്നാൽ, സുജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടർന്ന് സുജേഷിന് ഭീഷണിയെത്തി.

ബിജു കരീമും സഹോദരൻ ഷിജു കരീമും ചേർന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബർ 25-ന് ഇരിങ്ങാലക്കുട പോലീസിൽ പരാതിപ്പെട്ടിരുന്നു. വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ സുജേഷിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും കാണിച്ചിരുന്നു.

പരാതികൾ പാർട്ടി അവഗണിച്ചതിലും ബാങ്കിൽ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂൺ 14-ന് ബാങ്കിനു മുന്നിൽ കുത്തിയിരുപ്പുസമരവും നടത്തി. അതോടെ പാർട്ടിയിലും എതിർപ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടർന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസിൽ ബാങ്ക് സെക്രട്ടറി പരാതി നൽകിയത്. ഇതോടെയാണ് തട്ടിപ്പിൽ അന്വേഷണം തുടങ്ങിയത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.
Previous Post Next Post