കോഴിക്കോട്: സംസ്ഥാനത്ത നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
പനി ബാധിച്ചവരുടെ വിവരം ശേഖരിച്ചതില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്നും നിപയാണെന്ന സംശയം ബലപ്പെട്ടു. പിന്നാലെ ഇന്നലെ രാത്രി ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേര്‍ന്നു. ഒരു അസ്വഭാവിക മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡി.എച്ച്.എസ്, ഡി.എം.ഇ ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോടെത്തി.ഇന്ന് രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ നിശ്ചയിച്ചു. യോഗത്തിന് ശേഷം ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. സമ്പര്‍ക്ക പട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ദിശയിലും (104, 1056, 0471 2552056, 2551056) വിളിക്കാം. രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.