'സാധ്യമായ എല്ലാ സഹായത്തിനും തയ്യാറാണ്': മൊറോക്കോ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി



ഡല്‍ഹി: മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 'മൊറോക്കോയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറില്‍, എന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു.പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് '- പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ഇത് പ്രാഥമിക മരണസംഖ്യയാണെന്നും 153 പേര്‍ക്ക് പരിക്കേറ്റതായും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്തിച്ചേരാന്‍ പ്രയാസമുള്ള പര്‍വതപ്രദേശങ്ങളിലാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Previous Post Next Post