കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ താക്കീത് ചെയ്ത് കോടതി. കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇനി ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ തവണ ഗ്രോ വാസു കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ താക്കീത്. കേസിലെ നാലാം സാക്ഷിയായ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ മുന്‍ സിപിഒ പി ജയചന്ദ്രനെ ഇന്ന് വിസ്തരിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 11ലേക്ക് മാറ്റി. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം വീണ്ടും മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസു പൊലീസ് വാഹനത്തിലേക്ക് കയറിയത്.