യുകെ: ഉപഭോക്തൃ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിച്ച്, ആഗസ്റ്റ് മാസത്തിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വില നിലവാരം താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. യു കെയില്‍ കഴിഞ്ഞ മാസം ഏറ്റവും ഉയര്‍ന്ന വിലയിലും ഏറ്റവും താഴ്ന്ന വിലയിലും സാധനങ്ങള്‍ വിറ്റ സൂപര്‍മാര്‍ക്കറ്റുകള്‍ ഏതെന്ന് അറിയാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിങ്ങളുടെ ഷോപ്പിംഗ് വിദഗ്ധമായി ആസൂത്രണം ചെയ്യാന്‍ ഇത് തീര്‍ച്ചയായും സഹായകരമായിരിക്കും.
നിത്യോപയോഗ സാധനങ്ങളുടെ ഒരു കൂടയുടെ വില ആറ് വ്യത്യസ്ത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച് അത് വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആഗസ്റ്റ് മാസത്തില്‍ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ വിറ്റത് ആള്‍ഡിയാണ്. വിവിധ സാധനങ്ങള്‍ അടങ്ങിയ ഒരു കൂട ശരാശരി 65.21 പൗണ്ടിനായിരുന്നു ആള്‍ഡിയില്‍ ലഭ്യമായിരുന്നത്. അത് ലിഡിലില്‍ 66.53 പൗണ്ടിനായിരുന്നു വിറ്റത്.
നേരെ മറിച്ച് ഏറ്റവും വിലക്കൂടുതലില്‍ സാധനങ്ങള്‍വിറ്റത് വെയ്റ്റ്റോസ് ആയിരുന്നു. ഇതേ സാധനങ്ങള്‍ അടങ്ങിയ ഒരു കൂടയ്ക്ക് അവിടത്തെ വില ശരാശരി 79.51 പൗണ്ട് ആയിരുന്നു ആല്‍ഡിയിലേതിനേക്കാള്‍ 22 ശതമാനം കൂടുതല്‍. വിലക്കയറ്റം രാജ്യത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍, മിക്കവരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായി വില കുറവില്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കുകയാണ് എന്ന് വിച്ചിന്റെ റീട്ടെയില്‍ എഡിറ്റര്‍ എലെ ക്ലാര്‍ക്ക് പറയുന്നു.
നിലവിലെ പ്രതിസന്ധി തീര്‍ക്കുന്ന സമ്മര്‍ദ്ദം അല്പമെങ്കിലും കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളെ സഹായിക്കുന്നില്ല എന്ന് വിച്ച് പറയുന്നു. ഓരോ ഉപഭോക്താവിനും, ഏറ്റവും അത്യാവശ്യമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ അവരുടെ അടുത്തുള്ള കടയില്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. ആരോഗ്യകരമായ ഒരു ഭക്ഷണ ക്രമത്തിന് ഏറ്റവും അത്യാവശ്യമായ വസ്തുക്കളെങ്കിലും ഇത്തരത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്.
ബ്രാന്‍ഡഡ് വസ്തുക്കള്‍ ഉള്‍പ്പടെ 133 വസ്തുക്കള്‍ അടങ്ങിയ വലിയ ട്രോളിയുടെ വിലയും വിച്ച് താരതമ്യം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍ വലിയ ട്രോളി സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റിരിക്കുന്നത് അസ്ഡയാണ്. 325.35 പൗണ്ടിനായിരുന്നു ഒരു ട്രോളി സാധനങ്ങള്‍ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് വലിയ ട്രോളിക്ക് ശരാശരി 341.28 പൗണ്ട് വിലയിട്ട മോറിസണ്‍സ് ആണ്. ഇവിടെയും ഏറ്റവും വിലക്കൂടുതല്‍ അനുഭവപ്പെട്ടത് മോറിസണ്‍സില്‍ തന്നെയായിരുന്നു.
ഈ വര്‍ഷം ആരംഭം മുതല്‍ തന്നെ നിരവധി വസ്തുക്കള്‍ക്ക് തങ്ങള്‍ കിഴിവുകള്‍ പ്രഖ്യാപിച്ചിരുന്നതായും, ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ സഹായിക്കുന്ന വന്‍ ഓഫറുകള്‍ നല്‍കിയതായും ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് വെയ്റ്റ്റോസ് വക്താവ് പറഞ്ഞു. ഗുണമേന്മ കാത്തു സൂക്ഷിക്കുന്നതിനാണ് വെയ്റ്റ്റോസ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ വെയ്റ്റ്റോസ്, തങ്ങളുടെ സ്റ്റോറുകളില്‍ വില്‍ക്കുന്ന മാംസം, ക്ഷീരോദ്പന്നങ്ങള്‍, മുട്ട എന്നിവയുടെ ഗുണനിലവാരം മറ്റിടങ്ങളിലേതുമായി താരതമ്യം ചെയ്യാന്‍ സാഹിക്കില്ല എന്നും പറഞ്ഞു.