ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം; ഒടുവിൽ പൊലീസെത്തി കീഴ്‌പ്പെടുത്തി




കൊച്ചി : ലഹരി ഉപയോഗിച്ച് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവ് ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്. 

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.  

മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. 

ആശുപത്രിയിലെ സാധനങ്ങൾ ഇയാൾ അടിച്ചു തകർത്തു. പ്രസവ വാർഡിൽ ചെന്നും ഇയാൾ അക്രമം നടത്താനൊരുങ്ങി. തുടർന്ന് ആശുപത്രി ജീവനക്കാർ തൃപ്പൂണിത്തുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി കയ്യും കാലും കെട്ടിയാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. പിന്നീട് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Previous Post Next Post