മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്ക് വീതിച്ചു നൽകണം; ആവശ്യം തള്ളി സർക്കാർ


പാലക്കാട്: തന്റെ മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്കും വീതിച്ചു നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം തള്ളി സർക്കാർ.

 കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകാനാവി ല്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വിരമിച്ച സർക്കാർ ജീവനക്കാർക്കും സർവീസ് ചട്ടങ്ങൾ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിശദീകരണം നൽകിയത്. 

കൊളീജിയറ്റ് വകുപ്പ് മുൻ ജീവനക്കാരനാണ് രണ്ടു ഭാര്യമാർക്കും കുടുംബപെൻഷൻ വീതിച്ചു നൽകണമെന്ന ആവശ്യവുമായി ഹർജി നൽകിയത്. വിരമിച്ച ജീവനക്കാർക്കു സർവീസ് ചട്ടം ബാധകമല്ലെന്നായിരുന്നു അപേക്ഷകന്റെ വാദം. ഇത് പരിശോധിച്ച കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാരിന്റെ വിശദീകരണം. സർക്കാർ ജീവനക്കാരൻ, ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലെന്നു സർക്കാർ വ്യക്തമാക്കി. 

ആദ്യഭാര്യ സർക്കാർ ജീവനക്കാരിയായതിനാൽ പെൻഷനുണ്ടെന്നും അതിനു പുറമേയാണു കുടുംബപെൻഷൻ ലഭിക്കേണ്ടതെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം നിയമപരമായി വിവാഹം കഴിച്ചവർക്കു മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂ എന്നും സർവീസിൽ നിന്നു വിരമിച്ചവർക്കു പെൻഷന് ആരെയും നിർദേശിക്കാമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ കമ്മിഷനെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു കമ്മിഷൻ ഹർജി തള്ളി.
Previous Post Next Post