ബൈക്ക് മോഷണം: രണ്ടുപേര്‍ പിടിയില്‍





കുമളി : രാത്രിയില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ടുപേര്‍ കുമളിയില്‍ പിടിയില്‍. രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശിയായ അനൂപ് ബാബു(21)വും, ഇയാളുടെ ബന്ധുവുമാണ് കുമളി പോലീസിന്റെ പിടിയിലായത്. കുമളി, വണ്ടിപ്പെരിയാര്‍, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു ബൈക്ക് മോഷണം. 
പകല്‍ സമയത്ത് വീടുകള്‍ കണ്ടെത്തി മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും രാത്രി എത്തി മോഷണം നടത്തുകയുമായിരുന്നു രീതി. ബൈക്കിന്റെ പൂട്ടുകള്‍ പൊളിക്കുന്നതില്‍ അനൂപ് വിദഗ്ധനായിരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ തന്നെ ഇവര്‍ കുമളി അറുപത്തിമൂന്നാം മൈലിലും, അണക്കര ചക്കുപള്ളത്തും വീടുകളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് കടത്തിയിരുന്നു.മോഷ്ടിക്കുന്ന ബൈക്കുകള്‍ തമിഴ്നാട്ടിലേയ്ക്ക് കടത്തി വില്‍പന നടത്തുകയാണ് പതിവ്. 

കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കളുടെ ഒപ്പം വിട്ടു. അനൂപിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Previous Post Next Post