കാനഡയില്‍ എത്തിയ മലയാളി യുവതീ യുവാക്കള്‍ നിരാശരല്ല; വഴി വക്കില്‍ പ്ലക്കാര്‍ഡുമായി കാത്തുനിന്ന് സുവിശേഷം പറയാന്‍ അവസരം; കൗതുകകാഴ്ചയില്‍ ആകൃഷ്ടരായി തദ്ദേശീയരും; സോഷ്യല്‍ മീഡിയ വിദേശ മലയാളികളുടെ മറുനാടന്‍ ജീവിതക്കാഴ്ചകള്‍ ഏറ്റെടുക്കുമ്പോള്‍


കവന്‍ട്രി: അര ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ എത്തിയിരുന്ന കാനഡയില്‍ ഇപ്പോള്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടിരിക്കുകയാണ്. അടുത്തിടെ കേരളത്തില്‍ നിന്നും ഒരു വിദേശ റിക്രൂട്ടിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം 7500 പേര്‍ക്ക് കനേഡിയന്‍ വിസ നല്‍കിയതിന്റെ ആഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചത് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതൊരു രാജ്യത്തും ഒറ്റയടിക്ക് ഒരു പറ്റം ആളുകള്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്ങ്ങള്‍ ഇപ്പോള്‍ കാനഡയിലും ആരംഭിച്ചതായാണ് അവിടെയുള്ള മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. ഇത് ശരിയാണെന്നു തെളിയിച്ചു കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഒരു വിഡിയോ ദൃശ്യവും കാനഡയില്‍ നിന്നും എത്തിയിരുന്നു. തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മൈലുകളോളം നീളത്തില്‍ ക്യൂ നില്‍ക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിരനിരയായ ദൃശ്യമാണ് വിഡിയോയില്‍ കാണാനായത്.


എങ്കിലും താരതമ്യേനേ മറ്റു നാടുകളില്‍ ഉള്ളിടത്തോളം തൊഴില്‍ ക്ഷാമം കാനഡയില്‍ ഇല്ലാത്തതാണ് ഇപ്പോഴും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ അങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ പ്രധാനം. പ്രധാനമായും ഫാമുകളിലും മുന്തിരിത്തോപ്പുകളിലും ഒക്കെ ജോലിക്കെത്തുന്ന വിദ്യാര്‍ത്ഥി വിസക്കാര്‍ക്കു മണിക്കൂറിനു 20 കനേഡിയന്‍ ഡോളര്‍ (ഏകദേശം 12 പൗണ്ട്) ആണ് ശമ്പളമായി ലഭിക്കുന്നത്. കേരളത്തില്‍ വച്ച് ചെയ്യാന്‍ മടിയുള്ള ഇത്തരം ജോലിയൊക്കെ കാനഡയിലോ ബ്രിട്ടനിലോ എത്തുമ്പോള്‍ അത്യധികം സന്തോഷത്തോടെ ചെയ്യുന്നവരാണ് മിക്കവാറും മലയാളികള്‍.


എന്നാല്‍ ഇപ്പോള്‍ ഇത്തരം ജോലികള്‍ക്ക് പോലും ഒഴിവില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഈ സാഹചര്യത്തില്‍ സുവിശേഷം പറയാന്‍ പോലും തയ്യാറായി എത്തുന്ന മലയാളി ചെറുപ്പക്കാരുടെ ദൃശ്യം അടങ്ങുന്ന വിഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്. ജോലിക്കൊന്നും പോകാനില്ലാതെയും ഒന്നും ചെയ്യാനില്ലാതെയും ഇരിക്കുന്നവര്‍ ഒക്കെ പ്രാര്‍ത്ഥനക്കാരുടെ കുപ്പായമണിഞ്ഞു വഴിയരുകുകളില്‍ പ്രത്യക്ഷപ്പെടുന്നത് നിത്യ കാഴ്ചയാണെന്നു തെളിയിക്കുകയാണ് വിഡിയോ ദൃശ്യങ്ങള്‍.


ദൈവ വചനം പറയാന്‍ തയ്യാറാകുന്നവരെ പ്രദേശ വാസികള്‍ സ്‌നേഹത്തോടെയാണ് സ്വീകരിക്കുന്നതും പെരുമാറുന്നതും. ക്രിസ്ത്യന്‍ വിശ്വാസം ഭൂരിപക്ഷമുള്ള രാജ്യം ആയിട്ടും മലയാളികള്‍ ഇവിടെ സുവിശേഷം പറയാന്‍ പ്രധാന കാരണം 34 ശതമാനം ജനങ്ങള്‍ എങ്കിലും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ ആയതു കൊണ്ട്  കൂടിയാണ്. എന്നാല്‍ ഏറ്റവും വേഗത്തില്‍ ഇപ്പോള്‍ കാനഡയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതം മുസ്ലിം വിഭാഗം ആയത് ആഗോള ട്രെന്റിന് അനുസരിച്ചു രൂപം കൊണ്ടത് ആകാനാണ് സാധ്യത എന്നും വിലയിരുത്തപ്പെടുന്നു.

Previous Post Next Post