പത്തനംതിട്ടയിൽ തട്ടിക്കൊണ്ടുപോകൽ നാടകം, കാമുകനൊപ്പം യുവതി പിടിയിൽ; സ്വമേധയാ പോയതാണെന്ന് മൊഴി



പത്തനംതിട്ട: ഭർത്താവിനും കുട്ടിക്കുമൊപ്പം തട്ടുകടയിൽ ഭക്ഷണം കഴിച്ചു മടങ്ങിയ തിരുവല്ല സ്വദേശിയും 23 കാരിയുമായ യുവതിയെ പഴയ കാമുകൻ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വഴിത്തിരിവ്. ചെങ്ങന്നൂർ തിട്ടമേൽ കോട്ടയ്ക്ക് തൊഴുത്ത് വീട്ടിൽ പ്രിന്‍റു പ്രസാദ് (32), തിരുമുലപുരം സ്വദേശിനിയായ കാമുകി, മൂന്നുവയസുള്ള കുട്ടി എന്നിവരെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സഞ്ചരിക്കവെയാണ് ഇവർ തിരുവല്ല സിഐബി സുനിൽ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്‍റെ പിടിയിലായത്.പ്രിന്‍റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പോലീസിൽ മൊഴി നല്‍കി. യുവതിയെയും കുട്ടിയെയും കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. വിവാഹശേഷം രണ്ടുതവണ മുൻ കാമുകനൊപ്പം പോയ യുവതിയുടെ ഇപ്പോഴത്തേത് തട്ടിക്കൊണ്ടുപോകൽ നാടകമാണെന്ന് സംശയം ഉയർന്നിരുന്നു.

ഭര്‍ത്താവിനൊപ്പം തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും കാമുകന്‍ കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. തിങ്കൾ രാത്രി 11 ന് തിരുമൂലപുരത്തു വെച്ചാണ് സംഭവം. ഭര്‍ത്താവിന്‍റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയുടെ കാമുകന്‍ പ്രിന്‍റു പ്രസാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.രാത്രി കാറിലെത്തിയ കാമുകന്‍ അടങ്ങുന്ന നാലംഗ സംഘമാണ് യുവതി സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം മൂന്നുവയസുള്ള കുഞ്ഞിനെയടക്കം കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ പ്രിന്‍റു പ്രസാദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവികൾ പരിശോധിച്ചും മറ്റും ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മൂവരും കാറും പിടിയിലായിരിക്കുന്നത്.മുന്‍പ് പ്രിന്‍റുവും യുവതിയും തിരുവല്ലയിലെ ഒരു കമ്പനിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ അടുപ്പം പ്രണയമായി. ആറുമാസം മുന്‍പ് ഇരുവരും നാടുവിട്ടു. നാലുമാസത്തോളം കണ്ണൂരില്‍ താമസിച്ചശേഷം തിരികെവന്ന യുവതിയെ ഭര്‍ത്താവ് കൂടെക്കൂട്ടുകയും ചെയ്തു. ഇതിനുശേഷം ഒരു തവണ കൂടി യുവതി കാമുകനൊപ്പം പോയിരുന്നതായും പറയുന്നു. വീണ്ടും ഇവര്‍ തിരികെ എത്തുകയും കുടുംബത്തോടൊപ്പം ചേരുകയും ആയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയെ ശരിക്കും ബലം പ്രയോഗിച്ചാണ് കൊണ്ടുപോയതെന്ന് പറയുന്നുണ്ട്. കാറില്‍ കയറാന്‍ മടിച്ച യുവതിയെ നാലംഗ സംഘം പിടിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് പറയുന്നു. എന്നാൽ, ഇതും നാടകം ആയിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തലിലൂടെ ബോധ്യമാകുന്നത്.
Previous Post Next Post