ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു.


തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്‍റോണ്‍മെന്‍റെ പൊലീസ് കേസെടുത്തത്. ഹരിദാസില്‍ നിന്ന് അഖില്‍ മാത്യുവിന്‍റെ പേരില്‍ പണം വാങ്ങിയെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഗുരുതര ആരോപണം പുറത്ത് വന്നതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖിൽ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം. സംഭവത്തില്‍ പേഴ്സണൽ സ്റ്റാഫിനെ പൂർണ്ണമായും ന്യായീകരിച്ച ആരോഗ്യമന്ത്രി സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടെന്നും അറിയിച്ചു. അതിനിടെ, ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്നുള്ള ആയുഷ് വകുപ്പിനെ ഇ മെയിൽ ഹരിദാസൻ പുറത്തുവിട്ടു. ഇത് വ്യാജമെന്നാണ് ആരോഗ്യ വകുപ്പൻ്റെ വിശദീകരണം.
Previous Post Next Post