സത്യം പുറത്ത് വരട്ടെ… പുറത്ത് വന്നിട്ട് വീണ്ടും കാണാം….മന്ത്രി വീണ ജോർജ്


തിരുവനനന്തപുരം: പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും ആ​രോ​ഗ്യമന്ത്രി പറഞ്ഞു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു.

വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോപണം പുറത്ത് വന്ന സമയത്തും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെപ്തംബർ 13ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും മന്ത്രി വസ്തുതകൾ നിരത്തി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറിയിരുന്നുവെന്നും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. പിഎസ് നൽകിയ പരാതി പൊലീസിന് കൈമാറി. പേഴ്സണൽ സ്റ്റാഫ് അംഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതി വച്ചുപൊറുപ്പിക്കാനാവില്ല എന്നും മന്ത്രി പറഞ്ഞു.
Previous Post Next Post