മന്ത്രി സജി ചെറിയാന് ബഹ്റൈൻ പ്രതിഭ സ്വീകരണം നൽകി



സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രതിഭയുടെ സലീഹിയ ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യരക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട്, വനിത വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സ്വീകരണത്തിന് മന്ത്രി സജി ചെറിയാൻ മറുപടി പറഞ്ഞു. പ്രവാസികൾ കേരളത്തിന് നൽകുന്ന ഊർജ്ജം അതിരറ്റതാണെന്ന് മന്ത്രി പറഞ്ഞു.ഒരു ദിനം പ്രവാസം ഇല്ലാതായി മുഴുവൻ ആളുകളും കേരളത്തിലേക്ക് തിരികെ എത്തുന്ന നാൾ സംസ്ഥാനം അക്ഷരാർത്ഥത്തിൽ എല്ലാ മേഖലയിലും സ്തംഭിച്ചു പോകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥക്ക് കോട്ടം തട്ടി കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രവാസം അവസാനിപ്പിച്ച് രാജ്യത്തിലേക്ക് തിരികെ വരുന്നത് ചിന്തിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ വരേണ്ടുന്ന മാറ്റങ്ങളെ പറ്റി ഉറച്ച് ചിന്തിക്കുകയും പുതിയ വികസന കാഴ്ചപാടുകൾ ഉയർന്ന് വരികയും ചെയ്യുന്നത്. ചില മേഖലകളിൽ നിന്നുള്ള എതിർപ്പ് കാരണം അടിസ്ഥാന വികസന പ്രക്രിയകൾ മന്ദഗതിയിലായി പോകുന്നുണ്ട്. അതിന് പുറമെ കേന്ദ്ര സർക്കാർ പ്രതികാര പൂർവ്വം നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തിന്റെ ഉച്ചക്കഞ്ഞി, ക്ഷേമ പെൻഷനുകൾ,പോലുള്ള വിവിധ ക്ഷേമ പദ്ധതികളെ തകരാറിലാക്കാൻ ഉദ്ദേശിചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

സമയക്രമം പാലിച്ചുള്ള ഒരു ജീവിത രീതി സംസ്ഥാനത്തിനകത്ത് വളർന്ന് വരേണ്ടതുണ്ട്. ഭരണതലത്തിൽ ചില ബ്യുറോക്രാറ്റുകൾ പിടിച്ചു വെക്കുന്ന ഫയലുകൾ വേഗതയിൽ സഞ്ചരിക്കാനും സാധാരണ ജനത്തിന് നീതി ലഭിക്കാനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പുകളിൽ നല്ല നിലയിയിലുള്ള മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന തൊഴിലാളികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അതി വേഗതയിലുള്ള നടപടികൾ ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇരുപത്തിയൊന്ന് മന്ത്രിമാരും ഏറ്റവും കാര്യക്ഷമമായി അതത് വകുപ്പുകൾ ഭരിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

തകരാറുകൾ ഇല്ല എന്ന് പറയുന്നില്ല. അത് ചൂണ്ടിക്കാണിച്ചാൽ ഏറ്റവും പെട്ടെന്ന് തിരുത്തപ്പെടുന്ന സർക്കാറാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സാംസ്ക്കാരിക വിനിമയത്തിന് ഫോക് ലോർ അക്കാദമി വലിയ പ്രാധാന്യം ആണ് നൽകി പോരുന്നത് . അധികം വൈകാതെ ബഹ്റൈനിൽ പ്രതിഭയുടെ സഹകരണത്തോടെ സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ പ്രത്യാശ പ്രകടിപ്പിച്ചു.

Previous Post Next Post