എല്ലാ സ്കൂൾഅധ്യാപകർക്കും നിർബന്ധിത സ്ഥലംമാറ്റം വരുന്നു



തിരുവനന്തപുരം: എല്ലാ സ്കൂൾഅധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച് നിയമസഭാ സമിതി സർക്കാരിന് റിപ്പോർ‌ട്ട് സമർപ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി സർക്കാരിന് സമർപ്പിച്ച ശുപാർശയിലാണ് ഇക്കാര്യമുള്ളത്. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ നിർബന്ധിത സ്ഥലംമാറ്റം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്.ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം.

അധ്യാപകതസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനംനടത്താനാണ് ശുപാർശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.

കംപ്യൂട്ടർ, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌വൺ സീറ്റുകളുടെ പ്രശ്നംപരിഹരിക്കാൻ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എൽ.സി. ഫലം വന്നയുടൻ പ്ലസ്‌വൺ പ്രവേശനം നടത്തി അധ്യയനദിനങ്ങൾ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.

കുട്ടികൾ കൂടുന്നതനുസരിച്ച് സ്കൂളിൽ ശൗചാലയങ്ങളുടെ എണ്ണംകൂട്ടണം. നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റർ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്കൂളിൽ പ്രചോദനപ്രഭാഷണങ്ങൾ, പരിസ്ഥിതിവിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങൾ തുടങ്ങിയവയും സമിതി ശുപാർശചെയ്തു.
Previous Post Next Post