പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനിടെ കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരന്മാർ പിടിയിലായി. കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിച്ചിരുന്ന തിരുനെൽവേലി, പള്ളി കോട്ടൈ, നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി 27, ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.
ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും , തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്നാട് പോലീസ് തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളാണ് ഇവർ എന്നും പോലീസ് അറിയുന്നത്.തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകൾ ഉൾപ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ഇവിടെ താമസിച്ച കാലയളവിൽ ഏതെങ്കിലും കേസുകൾ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം കണ്ടെത്തേടത്തുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്തിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി നായർ ,നാസർ ഇസ്മായിൽ എന്നിവർ ചേർന്ന് കണ്ടെത്തിയ ഇവരെ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ , ആറന്മുള ഇൻസ്പെക്ടർ സികെ മനോജ്, എസ് ഐ ജയൻ, ജോൺസൺ, ഹരി കൃഷ്ണൻ, രമ്യ സുനിൽ, വിനോദ് എന്നിവർ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്നാട് പോലീസിന് കൈമാറി.