ന്യൂയോർക്ക് : ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട് ചെയ്‌തതുനസരിച്ച്, ചന്ദ്രനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ അപ്പോളോ യാത്രയിൽ ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നിലവിൽ 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. വീട് സ്വന്തമാക്കുന്നവർ ചരിത്രത്തിൻറെ ഭാഗമായി മാറാനുള്ള അവസരമാണ് നേടുന്നത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വീടിൻറെ നിർമ്മിതിയുമായി കാര്യമായ സവിശേഷതകൾ ഒന്നും ഇല്ലെങ്കിലും ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപ്പര്യം തന്നെയാണ് ഇതിന്റെ പ്രത്യേകത. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. 1964 മുതൽ 1971 വരെ നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും ഈ വീട്ടിലാണ് താമസിച്ചത്. ഈ കാലഘട്ടത്തിലായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങൾ. നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ. കിടപ്പുമുറികൾക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ലീവിങ് റൂമും ഈ വീട്ടിലുണ്ട്. 25 വർഷമായി മുൻ വീട്ടുടമകളായ മെലിൻഡയും റിച്ചാർഡ് സതർലാൻഡും ഈ വസ്തുവിൽ താമസിച്ചിരുന്നു. എന്നാൽ അവർ സ്ഥലം സ്വകാര്യമായി സൂക്ഷിച്ചു.
നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്, വില നാല് കോടി രൂപ.
jibin
0