വന്ദേഭാരതിൽ ബി.ജെ.പിയുടെ തരംതാണ രാഷ്ട്രീയ കളി.. ബി.ജെ.പി ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി…



തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപിയുടെ തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന് കെ മുരളീധരൻ എംപി. കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണ്. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. എംപിമാരുടെ സമ്മർദം ഫലം ചെയ്തു എന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ തറക്കളിയാണ് നടന്നത്. ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ബി.ജെ.പി ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ. സത്യത്തിൽ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വന്ദേഭാരതിനായി എല്ലാ എം.പിമാരും കൂട്ടായ പ്രവർത്തനം നടത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ അവരുടേതായ ഇടപെടൽ നടത്തിയിട്ടുണ്ട്. പക്ഷെ, കൊടിയും പിടിച്ചു ബിജെപിക്കാർ ട്രെയിനിൽ കയറി ബി.ജെ.പി നേതാക്കൾക്ക് മുദ്രാവാക്യം വിളിച്ചത് ദൗർഭാഗ്യകരമാണ്. മേലാൽ ഇത് ആവർത്തിക്കരുത്. വി മുരളീധരൻ ആണ് ഇതിന് ഒക്കെ നേതൃത്വം നൽകിയത്. കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്നു ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം.
Previous Post Next Post