സൗദി കിരീടാവകാശിക്കും യുഎഇ പ്രസിഡന്റിനും ഇന്ത്യയില്‍ ഊഷ്മള വരവേല്‍പ്; എംബിഎസ് മൂന്നുദിവസം ഇന്ത്യയില്‍



ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇന്ത്യയില്‍ ഉജ്വല വരവേല്‍പ്.



ജി 20യിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തിന് മറുപടിയായാണ് സന്ദര്‍ശനം. ഇന്നും നാളെയുമായാണ് ന്യൂഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്. എന്നാല്‍ ഒരു ദിവസം കൂടി എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ തങ്ങും.സെപ്റ്റംബര്‍ 11 തിങ്കളാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ സൗദിയുടെ സജീവ പങ്കാളിത്തത്തെയാണ് ത്രിദിന സന്ദര്‍ശനം സൂചിപ്പിക്കുന്നത്. സന്ദര്‍ശന വേളയില്‍, ഉഭയകക്ഷി ബന്ധങ്ങളും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളില്‍ കിരീടാവകാശി പങ്കെടുക്കും. കൂടാതെ, സൗദി-ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ പ്രധാന യോഗവും അജണ്ടയിലുണ്ട്.ജി20 പോലുള്ള ആഗോള ഫോറങ്ങളില്‍ സൗദിയുടെ സജീവ പങ്കാളിത്തത്തിനു പുറമേ ഈ സന്ദര്‍ശനം അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരമായി സൗദി കണക്കാക്കുന്നു. 2019 ഫെബ്രുവരിയിലാണ് എംബിഎസ് ഇതിനു മുമ്പ് ഇന്ത്യയിലെത്തിയത്. ഇത് അദ്ദേഹത്തിന്റെ രണ്ടാം സന്ദര്‍ശനമാണ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് അല്‍ നഹ്‌യാന്‍ ഇന്നലെയാണ് ന്യൂഡല്‍ഹിയിലെത്തിയത്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎഇ അതിഥി രാഷ്ട്രമാണ്. ഉച്ചകോടിയില്‍ സുസ്ഥിര വികസനം, കാലാവസ്ഥാ പ്രവര്‍ത്തനം, സന്തുലിത സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായ പുരോഗതി കൈവരിക്കുന്നതിന് ഉന്നതതല യുഎഇ പ്രതിനിധി സംഘം അന്താരാഷ്ട്ര പങ്കാളികളുമായി ക്രിയാത്മക സംഭാഷണത്തില്‍ ഏര്‍പ്പെടും.


യുഎഇ പ്രതിനിധി സംഘത്തില്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ മന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ എന്നിവരും ഉള്‍പ്പെടുന്നു.
Previous Post Next Post