കോട്ടയത്ത്പോലീസിന്റെ തോക്ക് പരിശീലനത്തിനിടെ ഉന്നംതെറ്റി…വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്…


 
നാട്ടകത്ത് ഷൂട്ടിങ്ങ് റേഞ്ചില്‍നിന്നും ഉന്നം തെറ്റിയ വെടിയുണ്ടയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപത്തെ ഷൂട്ടിങ്ങ് റേഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം പറ്റിയെന്നാണ് പൊലീസിന്റെ വിശദീകരണം.

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് വെടിയുണ്ട ജനല്‍ ചില്ല് തകര്‍ത്ത് ഭിത്തിയില്‍ പതിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. നാട്ടകം ബിന്ദു നഗര്‍ ഹൗസിങ്ങ് കോളനിയില്‍ നഗറില്‍ ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പാലയില്‍ സോണി, ജിന്‍സി കുര്യാച്ചന്‍ ദമ്പതികളുടെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. വീടിന്റെ മതിലിനോട് ചേര്‍ന്നാണ് നാട്ടകത്തെ ഷൂട്ടിംഗ് റേഞ്ച്. മുറിക്കുള്ളില്‍ നിന്നും വെടിയുണ്ട ലഭിച്ചതോടെ വീട്ടുകാര്‍ ഈ വെടിയുണ്ടയുമായി ഷൂട്ടിംഗ് റേഞ്ച് അധികൃതരെ സമീപിച്ചു.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലനത്തിന് എത്തുന്നവരില്‍ ഏറിയപങ്കും പോലീസ് ഉദ്യോഗസ്ഥരാണ്. വീടിനുള്ളില്‍നിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലില്‍ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറയുന്നു.
Previous Post Next Post