കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ കല്ലറ കാണാനും പ്രാർത്ഥിക്കാനും നിരവധിപേരാണ് പുതുപ്പള്ളിയിൽ എത്തിയിരുന്നത്. വരുന്നവരെല്ലാം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരോ കുറിപ്പും കല്ലറയ്ക്കരികിൽ വെക്കുകയും ചെയ്തിരുന്നു. പുതുപ്പള്ളിയിലെ പുതിയ പുണ്യാളനാണ് ഉമ്മൻ ചാണ്ടിയെന്ന് കളിയാക്കി എതിർ പാർട്ടി പ്രവർത്തകർ പ്രചരണം നടത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വോട്ടെടുപ്പ് ദിനമായ അഞ്ചാം തീയതി ഉമ്മൻ ചാണ്ടിയുടെ കല്ലറക്കുസമീപം ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'പുതുപ്പള്ളിയെ പുതിയ പുണ്യാള വി. ചാണ്ടിസാറെ... സ. ജെയ്ക്കിന്റെ വിജയത്തിനുവേണ്ടി പ്രാർഥിക്കേണമെ...' എന്നായിരുന്നു പോസ്റ്റർ. സഭയേയും ഉമ്മൻ ചാണ്ടിയേയും അവഹേളിക്കാനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. പുണ്യാളൻ ഒറിജിനലാണോയെന്ന് എട്ടാം തീയ്യതിയറിയാം എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ ചാണ്ടി ഉമ്മൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ വീണ്ടും ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 'തിരഞ്ഞപ്പെടുപ്പ് ഫലം വന്നു. പുണ്യാളൻ ഒറിജിനൽ തന്നെ. എന്താ സംശയമുണ്ടോ?' എന്നാണ് കൺഗ്രസ് അനുകൂല സോഷ്യൽ മീഡിയകളിൽ നിറയുന്നത്. പുതുപ്പള്ളി പുണ്യാളൻ ഉമ്മൻ ചാണ്ടിയാണെന്നും ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് ഇപ്പോഴെന്നും അണികള്‍ പറയുന്നുണ്ട്.