കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് എം.കെ കണ്ണൻ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ എത്തുന്നത്. എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ നടത്തിയ ഇടപാടുകളുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.
നേരത്തെ ബാങ്കിൽ ഇ.ഡി നടത്തിയ പരിശോധനയിൽ സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തിരുന്നു. എം.കെ കണ്ണനും സതീഷ് കുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്തുവകൾ സംബന്ധിച്ച കൂടുതൽ രേഖകളും ഹാജരാക്കാനും നിർദേശമുണ്ട്.