തളിപ്പറമ്പ്: ഓര്‍മ ശക്തിക്കു പുറമേ എല്ലാം എളുപ്പത്തില്‍ മനസിലാക്കാനും കഴിവുള്ള രണ്ടരവയസുകാരന്‍ ആരുഷിനെ തേടി ഒടുവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എത്തി. പിന്നാലെ കലാം വേള്‍ഡ് റെക്കോര്‍ഡും. തളിപ്പറമ്പ് പട്ടുവം മംഗലശേരിയിലെ കെടി ജിഷ്ണ-രാഹുല്‍ ദമ്പതികളുടെ മകന്‍ ആരുഷ് ആര്‍ നമ്പ്യാര്‍ രക്ഷിതാക്കളെയും വീട്ടുകാരെയും അദ്ഭുതപ്പെടുത്താന്‍ തുടങ്ങിയത് ഒന്നര വയസുമുതലാണ്. അമ്മ ജിഷ്ണ പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ തുടങ്ങിയതു തൊട്ടാണ് ആരുഷിന്റെ കഴിവിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.കളിപ്പാട്ടങ്ങളിലും ചിത്രങ്ങളിലും കാണുന്ന വസ്തുക്കളുടെ പേരുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനും പറഞ്ഞുകൊടുക്കുന്നത് മനപാഠമാക്കാനും കുഞ്ഞ് ആരുഷിന് സാധിച്ചിരുന്നു. പ്ലേ സ്‌കൂളില്‍ പോകുന്നതിനു മുമ്പേ ഇത്തരത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചെടുത്തു. ഇതിനിടയിലാണ് ടെലിവിഷനില്‍ മറ്റു കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കഴിവുകളെ കുറിച്ചുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനെ കുറിച്ചും അറിഞ്ഞതോടെ ആരുഷിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനകം വാഹനങ്ങള്‍, മൃഗങ്ങള്‍, വിവിധ തരം ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, മനുഷ്യന്റെ അവയവങ്ങള്‍, സ്വാതന്ത്ര്യഗാനം, ഇംഗ്ലീഷ് പദ്യം, മലയാളം പദ്യം, ആഴ്ച്ചയിലെ ദിവസങ്ങള്‍, ഒരു വര്‍ഷത്തിലെ മാസങ്ങള്‍ ഇവയൊക്കെ പറയാന്‍ തുടങ്ങിയിരുന്നു.
16 വിഭാഗത്തിലാണ് ഇന്ത്യന്‍ റെക്കോര്‍ഡ് ലഭിച്ചതെങ്കില്‍ പിന്നീട് 20 വിഭാഗത്തിലാണ് കലാം റെക്കോര്‍ഡ് കരസ്ഥമാക്കിയത്. അക്ഷരമാല ചൊല്ലല്‍,1 മുതല്‍ 10 വരെ അക്കങ്ങള്‍, ആഴ്ചയിലെ 7 ദിവസങ്ങള്‍, 12 മാസങ്ങള്‍, 8 ശരീരഭാഗങ്ങള്‍, ഗണിതത്തിന്റെ 7 ആകൃതികള്‍, 9 അഭിനയങ്ങള്‍, 30 വീട്ടുപകരണങ്ങള്‍, 17 മൃഗങ്ങള്‍, 5 സംഗീതോപകരണങ്ങള്‍, അക്ഷരമാല ക്രമം, കേരളത്തിലെ 14 ജില്ലകള്‍, ഇന്ത്യയിലെ 6 പ്രശസ്ത വ്യക്തികള്‍, 9 തൊഴില്‍, 1 മലയാള കവിത, 7 പച്ചക്കറി, 1 സ്വാതന്ത്ര്യദിന ഗാനം, 16 ഭക്ഷണ സാധനങ്ങള്‍,15 വാഹനങ്ങള്‍, 9 പൂക്കള്‍, 1 ഇംഗ്ലീഷ് എന്നിവയാണ് കലാം റെക്കോര്‍ഡിനായി ആരുഷ് പറഞ്ഞു.